2022 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. ആറാം റാങ്ക് നേടി പാലാ സ്വദേശിയായ ഗഹന നവ്യ ജയിംസ് മലയാളികളുടെ അഭിമാനമായി മാറി. വി.എം.ആര്യ (36–ാം റാങ്ക്), അനൂപ് ദാസ് (38–ാം റാങ്ക്), എസ്. ഗൗതം രാജ് (63–ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറു റാങ്കിൽ ഉള്ള മലയാളികൾ.
ഇഷിത കിഷോറിനാണ് ദേശീയ തലത്തിൽ ഒന്നാം റാങ്ക്. ഗരിമ ലോഹ്യയ്ക്കും രണ്ടും എൻ ഉമ ഹരതി മൂന്നും സ്മൃതി മിശ്ര നാലും റാങ്ക് നേടി. കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിൻറെയും മകളാണ് ഗഹന.
ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ. ജനറൽ വിഭാഗത്തിൽനിന്ന് 345 പേർക്കാണ് യോഗ്യത ലഭിച്ചിരിക്കുന്നത്.