വെള്ളിയാഴ്ച നടക്കുന്ന നാഗസാക്കി അനുസ്മരണ ചടങ്ങില്‍ പാശ്ചാത്യ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ പങ്കെടുക്കില്ല. യുഎസ്, യുകെ, ഇയു, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ അംബാസഡര്‍മാര്‍ പരിപാടി ബഹിഷ്കരിക്കും. ഗാസ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ഇസ്രായേലിനെ ക്ഷണിക്കേണ്ടതില്ലെന്ന് ജപ്പാന് തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പാശ്ചാത്യ രാജ്യങ്ങളുടെ ബഹിഷ്കരണം. 1945 ഓഗസ്റ്റ് ഒമ്പതിന് അണുബോംബ് ഉപയോഗിച്ച് അമേരിക്ക ലക്ഷക്കണക്കിന് പേരെ കൊലപ്പെടുത്തിയതിന്റെ വാര്‍ഷിക അനുസ്മരണമാണ് വെള്ളിയാഴ്ച നടക്കുന്നത്.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയരുമെന്ന് ഭയന്നാണ് ഇസ്രായേല്‍ അംബാസഡര്‍ ഗിലാദ് കോഹെനെ ക്ഷണിക്കാതിരുന്നതെന്ന് നാഗസാക്കി മേയര്‍ ഷിറോ സുസുക്ക് പറഞ്ഞതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജപ്പാന് അനുസ്മരണത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും യുഎസ് അംബാസഡര്‍ റാം ഇസ്രായേല്‍ ഇമ്മാനുവല്‍ പറഞ്ഞു. യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും അംബാസഡര്‍മാര്‍ക്ക് പകരം താഴ്ന്ന റാങ്കിലുള്ള പ്രതിനിധികളെ തങ്ങളുടെ പ്രതിനിധികളായി അയക്കുമെന്നാണ് സൂചനയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.