വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ സഹായവാഗ്ദാനവുമായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. മണിപ്പൂരിലെ അക്രമങ്ങള്‍ നേരിടാനും നിക്ഷേപം നടത്താനും അമേരിക്ക തയ്യാറാണെന്നാണ് ഗാര്‍സിറ്റിയുടെ പ്രഖ്യാപനം. കൊല്‍ക്കത്തയിലേക്കുള്ള തന്റെ ആദ്യസന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“ആവശ്യപ്പെട്ടാല്‍ ഏതുവിധത്തിലും സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് ഒരു ഇന്ത്യന്‍ വിഷയമാണെന്ന് ഞങ്ങള്‍ക്കറിയാം. സമാധാനത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അത് വേഗത്തില്‍ വന്നേക്കാം. ഇന്ത്യയുടെ കിഴക്കും, വടക്കുകിഴക്കും ഭാഗങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന് പ്രധാനമാണ്. ആളുകള്‍, സ്ഥലങ്ങള്‍, അതിന്റെ സാധ്യതകള്‍, ഭാവി എന്നിവ ഞങ്ങള്‍ക്ക് പ്രധാനമാണ്” – യുഎസ് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഗാര്‍സെറ്റി വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊല്‍ക്കത്താ സന്ദര്‍ശനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസുമായും മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് അമിത് മിത്രയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഗാര്‍സിറ്റിയുടെ സഹായവാഗ്ദാനം. അമേരിക്കയെ സംബന്ധിച്ചിടത്തോളം, മണിപ്പൂര്‍ ‘മനുഷ്യരുടെ ആശങ്ക’യാണെന്നും സമാധാനം നിലനില്‍ക്കുകയാണെങ്കില്‍ അതിന് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക അവസരങ്ങള്‍, പ്രാദേശിക കണക്ടിവിറ്റി പദ്ധതികള്‍, സാംസ്‌കാരിക ബന്ധങ്ങള്‍, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഇരുരാജ്യങ്ങളും ഭാവിയില്‍ നിക്ഷേപങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.