യുഎസും ജര്‍മ്മനിയും യുക്രൈനിലേക്ക് യുദ്ധ ടാങ്കുകള്‍ അയക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഡസന്‍ കണക്കിന് എം1 അബ്രാംസ് ടാങ്കുകള്‍ അയക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും കുറഞ്ഞത് 14 ലെപ്പാര്‍ഡ് 2 ടാങ്കുകളെങ്കിലും അയയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുക്രൈനിലേക്കുള്ള അബ്രാം ടാങ്കുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യു എസ് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, യുഎസ് എം1 അബ്രാമുകള്‍ അയച്ചാല്‍ മാത്രമേ ലീപാര്‍ഡ് 2 യുക്രെയ്‌നിലേക്ക് അയക്കാന്‍ സമ്മതിക്കുകയുള്ളൂവെന്ന് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ യുക്രൈനിലേക്ക് ചലഞ്ചര്‍ ടു ടാങ്കുകള്‍ അയക്കുമെന്ന് ബ്രിട്ടന്‍ നേരത്തെ പറഞ്ഞിരുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് ലീപാര്‍ഡ് 2 ടാങ്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 16 യൂറോപ്യന്‍, നാറ്റോ രാജ്യങ്ങളിലെങ്കിലും ലീപാര്‍ഡ് 2 ടാങ്കുകള്‍ ഉപയോഗത്തിലുണ്ട്.