ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഡൊണാൾഡ് ട്രംപിന്റെ നാലുദിവസത്തെ നയതന്ത്ര പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ 142 ബില്യൺ ഡോളറിന്റെ ആയുധകരാറിൽ ഒപ്പുവച്ച് യു എസും സൗദി അറേബ്യയും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ വിൽപനകരാറിലാണ് രണ്ടു രാജ്യങ്ങൾ ഒപ്പുവച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ നയതന്ത്ര പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ ഇരുരാജ്യങ്ങളും ഒരു കരാറിലെത്തിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
യാത്രയ്ക്കിടെ, ട്രംപ് സിറിയയുടെ പുതിയ നേതാവ് അഹമ്മദ് അൽ-ഷറയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 2024 ൽ ബഷർ അൽ-അസദിനെ അട്ടിമറിക്കാൻ സഹായിച്ച മുൻ വിമത കമാൻഡറായിരുന്നു അഹമ്മദ് അൽ-ഷറ. 2000 ൽ ജനീവയിൽ ബിൽ ക്ലിന്റൺ, അന്തരിച്ച നേതാവ് ഹഫീസ് അൽ-അസദുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം ഒരു യു എസ് പ്രസിഡന്റും സിറിയൻ നേതാവും തമ്മിലുള്ള നേരിട്ടുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.
സൗദി അറേബ്യയുടെ മുഹമ്മദ് ബിൻ സൽമാനുമായും തുർക്കിയുടെ റജബ് തയ്യിബ് എർദോഗനുമായും നടത്തിയ ചർച്ചകൾക്കുശേഷം സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. “സിറിയയ്ക്ക് ഒരു അവസരം നൽകുന്നതിനായി അവർക്കെതിരായ ഉപരോധങ്ങൾ നിർത്തലാക്കാൻ ഞാൻ ഉത്തരവിടും” എന്നാണ് ട്രംപ് പറഞ്ഞത്.