ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാന് കടലിലേക്ക് നാല് സര്‍ഫസ് റ്റു സര്‍ഫസ് മിസൈലുകള്‍ തൊടുത്തുവിട്ടു. ഇതിനു പിന്നാലെ യെല്ലോ സീയില്‍ സഖ്യസേനയുടെ ബോംബര്‍ വിമാനങ്ങളുടെ പരിശീലനവും ഉണ്ടായി.
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ ജപ്പാന് കുറുകെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത് മേഖലയിലാകെ ഭീതി പരത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തര കൊറിയയുടെ ഈ മിസൈല്‍ പരീക്ഷണത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു.
ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് ഉത്തരകൊറിയ തൊടുത്തത്. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും സംഭവം ജപ്പാനില്‍ വലിയ പരിഭ്രാന്തി പരത്തി. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്ക് മാറ്റുകയും ചെയ്തു. കമ്യൂണിസ്റ്റ് കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന് സര്‍ക്കാര്‍ അപലപിച്ചു.
മിസൈല്‍ കടലില്‍ പതിച്ചതായാണ് കരുതുന്നതെന്നും കടലില്‍ കാണപ്പെടുന്ന അവശിഷ്ടങ്ങള്‍ക്ക് അടുത്ത് പോകുകയോ പരിശോധിക്കുകയോ ചെയ്യരുതെന്നും ജപ്പാന് കോസ്റ്റ് ഗാര്‍ഡ് പിന്നീട് മത്സ്യത്തൊഴിലാളികള്‍ക്കും ജപ്പാന് തീരമേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കും മുന്നറിയിപ്പ് നല്കി.