യുക്രൈന്റെ ധാതുക്കളുടെയും പ്രകൃതിവിഭവങ്ങളുടെയും വിശാലമായ ശേഖരം യു എസിനു ലഭ്യമാക്കുന്ന ഒരു പുതിയ കരാറിൽ ഒപ്പുവച്ച് അമേരിക്കയും യുക്രൈനും. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് – യുക്രൈൻ റീ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്’ എന്നറിയപ്പെടുന്ന ഈ കരാർ, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിൽ ഒരു പ്രധാന മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.
ഫണ്ടിന്റെ ഘടനയെക്കുറിച്ചുള്ള അധിക വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ടൈറ്റാനിയം, യുറേനിയം, ലിഥിയം എന്നിവയുൾപ്പെടെ യുക്രൈന്റെ വിലയേറിയ അപൂർവധാതുക്കൾ ഉപയോഗപ്പെടുത്താൻ അമേരിക്കയെ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഇതെന്നാണ് യു എസ് ഉദ്യോഗസ്ഥർ കരാറിനെ വിശേഷിപ്പിച്ചത്. അതോടൊപ്പം യുദ്ധത്തിൽ തകർന്ന രാഷ്ട്രത്തെ പുനർനിർമ്മിക്കുന്നതിനുള്ള ആഗോള നിക്ഷേപവും ഇതിൽ പറയുന്നു.
മൂന്നുവർഷമായി നീണ്ടുനിൽക്കുന്ന റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ നിർണ്ണായകമായ ഘട്ടത്തിലാണ് ചരിത്രപരമായ ഈ പ്രഖ്യാപനം വരുന്നത്. ഈ വർഷം വീണ്ടും അധികാരത്തിലെത്തിയ ട്രംപ്, സംഘർഷം അവസാനിപ്പിക്കാൻ ഇത്രയും വൈകുന്നതിൽ നിരാശ പ്രകടിപ്പിച്ചു. പുതിയ കരാറിൽ ഒപ്പുവയ്ക്കുന്നതിലൂടെ യു എസിന് യുക്രൈനിൽ നിന്ന് സംഭാവന ചെയ്തതിനെക്കാൾ കൂടുതൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.