ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ്സിന്റെ അംഗീകാരം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായുള്ള ജി.ഇ എയ്‌റോസ്‌പേസിന്റെ കരാറിനാണ് അംഗീകാരം ലഭിച്ചത്.
ജൂണില്‍ നടന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയും യു.എസും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്.എ.എല്‍) വിവിധ സാങ്കേതികവിദ്യകളുടെ കൈമാറ്റം, ജെറ്റ് എഞ്ചിനുകളുടെ നിര്‍മ്മാണം, ലൈസന്‍സിംഗ് ക്രമീകരണങ്ങള്‍ എന്നിവ നടപ്പാക്കും. ഈ കരാര്‍പ്രകാരം, ജി.ഇ എയ്റോസ്പേസ് അതിന്റെ 80% സാങ്കേതികവിദ്യയും എഫ്-414 ഫൈറ്റര്‍ ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയ്ക്ക് കൈമാറും. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍.സി.എ) എം.കെ.ഐ.ഐയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനാണ് ഈ സാങ്കേതികവിദ്യാ കൈമാറ്റം ലക്ഷ്യമിടുന്നത്.
അതേസമയം, 99 ജെറ്റ് എഞ്ചിനുകളുടെ സഹനിര്‍മ്മാണവും കരാറില്‍ ഉള്‍പ്പെടുന്നു. സാങ്കേതിക കൈമാറ്റമുളളതിനാല്‍ ഇതിന്റെ ചെലവ് കുറയുമെന്നാണ് കരുതപ്പെടുന്നത്. എ-414 എഞ്ചിനുകള്‍ അവയുടെ പ്രകടനത്തിന് പേരുകേട്ടവയാണ്. AMCA Mk2 എഞ്ചിന്‍ പ്രോഗ്രാമില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കുന്നത് തുടരുമെന്ന് യു.എസ് മുമ്പുതന്നെ പറഞ്ഞിരുന്നു