റഷ്യക്കെതിരായ പോരാട്ടത്തില്‍ എഫ്-16 യുദ്ധവിമാനങ്ങൾ യുക്രൈന് കൈമാറാന്‍ യുഎസ് അനുമതി നല്കി. അമേരിക്കൻ നിർമിതമായ എഫ്-16 യുദ്ധവിമാനങ്ങൾ പറത്താനുള്ള പരിശീലനം യുക്രൈനിയന്‍ പൈലറ്റുമാർ പൂർത്തിയാക്കിയാലുടൻ വിമാനങ്ങൾ കൈമാറാനാണ് അനുമതി. ഡെന്മാർക്കിൽ നിന്നും നെതർലൻഡ്സിൽ നിന്നുമാണ് വിമാനങ്ങള്‍ അയക്കുക.
അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടത്തിനായി എഫ്-16 യുദ്ധവിമാനങ്ങൾ നല്കാന് ഏറെക്കാലമായി യുക്രൈന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പരിശീലനം ലഭിച്ച പൈലറ്റുമാരുടെ അഭാവത്തില്‍ ഇത് നീണ്ടുപോകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 11 രാജ്യങ്ങളുടെ നേതൃത്വത്തിൽ ഡെന്മാർക്കിൽ വെച്ച് യുക്രെയ്നിയൻ പൈലറ്റുമാര്‍ക്ക് പരിശീലനം നല്കാന് യുഎസ് അനുമതി നല്‍കിയത്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ എഫ്-16 യുദ്ധവിമാനങ്ങൾ കൈമാറും.
എഫ്-16 യുദ്ധവിമാനങ്ങൾ യുക്രെയ്ന് കൈമാറുന്നതിലും പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിലും യു.എസിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഡച്ച്, ഡാനിഷ് പ്രതിരോധ വകുപ്പിന് അയച്ച കത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലീങ്കന്‍ വ്യക്തമാക്കി. റഷ്യക്കെതിരായ പ്രതിരോധത്തിനു എഫ്-16 യുദ്ധവിമാനങ്ങൾ നിർണായകമാണെന്നും ബ്ലിങ്കൻ പറഞ്ഞു.