പാക്കിസ്ഥാനിലെയും ഇറാനിലെയും ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ വികസനത്തിന് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് രണ്ടു ഡസനിലധികം കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. പാക്കിസ്ഥാൻ, ചൈന, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽനിന്നുള്ള 26 കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി യു. എസ്. ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി (ബി. ഐ. എസ്.) കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിക്കുക, നിയന്ത്രിത ആയുധപദ്ധതികളെ സഹായിക്കുക, റഷ്യയ്ക്കും ഇറാനും മേലുള്ള ഉപരോധം മറികടക്കാൻ ശ്രമിക്കുക എന്നിവയുൾപ്പെടെ യു. എസ്. ദേശീയസുരക്ഷയ്ക്കു വിരുദ്ധമായി കണക്കാക്കപ്പെടുന്ന പ്രവർത്തനങ്ങൾമൂലമാണ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
“2014 ൽ ലിസ്റ്റ് ചെയ്ത അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ് റിസർച്ച് ഓർഗനൈസേഷന്റെ മുൻനിര കമ്പനികളായി പ്രവർത്തിച്ചതിന് ഒമ്പത് പാക്കിസ്ഥാൻ സ്ഥാപനങ്ങളെയും പാക്കിസ്ഥാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് സംഭാവന നൽകിയതിന് മറ്റ് ഏഴു സ്ഥാപനങ്ങളെയും നിരോധനപട്ടികയിൽ ചേർത്തു”- യു. എസ്. കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ഒരു വിഭാഗമായ ബി. ഐ. എസ്. പ്രസ്താവനയിൽ അറിയിച്ചു.
2022 ൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനുശേഷം നിയന്ത്രിത യു. എസ്. ഭാഗങ്ങൾ നേടാൻ ശ്രമിച്ചതിന് യു. എ. ഇ. യിൽ നിന്നുള്ള മൂന്ന് സ്ഥാപനങ്ങളെയും ഈജിപ്തിൽനിന്നുള്ള ഒരു സ്ഥാപനത്തെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. കൂടാതെ, ചൈനയുടെ സൈന്യത്തെ സഹായിക്കുന്നതിനും ഇറാന്റെ ഡബ്ല്യു. എം. ഡി., യു. എ. വി. പ്രോഗ്രാമുകൾക്കായും യു. എസ്. സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെപേരിൽ ആറ് ചൈനീസ് സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി.
ഞങ്ങളുടെ നിയന്ത്രണങ്ങൾ മറികടക്കാനും യു. എസ്. ദേശീയസുരക്ഷയെ അപകടപ്പെടുത്താനും ശ്രമിക്കുന്ന സ്ഥാപനങ്ങളെ യു. എസ്. തടയുന്നത് തുടരുമെന്ന് ബി. ഐ. എസിലെ എക്സ്പോർട്ട് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് സെക്രട്ടറി തിയാ ഡി. റോസ്മാൻ കെൻഡ്ലർ വ്യക്തമാക്കി. ഇറാന്റെ ഡബ്ല്യു. എം. ഡി., യു. എ. വി. പ്രോഗ്രാമുകൾ, പാക്കിസ്ഥാന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ അമേരിക്കയുടെ ദേശീയസുരക്ഷയ്ക്ക് കാര്യമായ ഭീഷണിയാണെന്നും അതിന് യു. എസ്. സാങ്കേതികവിദ്യകളുടെ സഹായം ലഭിക്കില്ലെന്നും കെൻഡ്ലർ കൂട്ടിച്ചേർത്തു.