ചുരുങ്ങിയത് 300 വിദേശ വിദ്യാർഥികളുടെ വിസകൾ റദ്ദാക്കിയതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യൂണിവേഴ്സിറ്റി കാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ തുർക്കി പി എച്ച്ഡി വിദ്യാർഥിനിയായ റുമേസ ഓസ്തുർക്കിനെ ഫെഡറൽ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് രണ്ടുദിവസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
കാമ്പസുകളെ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്ന് റൂബിയോ ഊന്നിപ്പറഞ്ഞു. ഹമാസ് അനുകൂല വീക്ഷണങ്ങളുള്ള വിദേശവിദ്യാർഥികളെ സർവകലാശാലകളിൽ ചേർക്കുന്നത് തടയുന്നതും ഭരണകൂടം പരിഗണിക്കുന്നുണ്ട്.
നിലവിൽ, ലൂസിയാനയിലെ ഒരു തടങ്കൽകേന്ദ്രത്തിലാണ് ഓസ്തുർക്കിനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഈ മാസം ആദ്യം, കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മുൻ വിദ്യാർഥിയും ഗ്രീൻ കാർഡ് ഉടമയുമായ മഹ്മൂദ് ഖലീലിനെ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വർഷം കൊളംബിയയുടെ കാമ്പസിൽ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഇയാൾ പ്രധാനപങ്കു വഹിച്ചതായും ഭരണകൂടം പറഞ്ഞു. അമേരിക്കയുടെ വിദേശനയത്തിനും ദേശീയ സുരക്ഷാതാൽപര്യങ്ങൾക്കും എതിരായ പൗരന്മാരെ നാടുകടത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ അനുവദിക്കുന്ന ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് തങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ട്രംപ് ഉദ്യോഗസ്ഥർ പറഞ്ഞു.