ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി അമേരിക്കന്‍ നഗരമായ ബോസ്റ്റണും. 220 അടി ഉയരമുള്ള യുഎസ്- ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള വിമാനം പ്രദര്‍ശിപ്പിക്കും. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടിയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ഫൈഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍(ഐഎഫ്എ) വ്യക്തമാക്കി.
ചരിത്രപ്രസിദ്ധമായ ബോസ്റ്റണ്‍ ഹാര്‍ബറിലെ ഇന്ത്യ സ്ട്രീറ്റില്‍ 32 രാജ്യങ്ങളിലെ പ്രതിനിധികള്‍ പരേഡില്‍ പങ്കെടുക്കും. പരേഡിന്റെ നേതാവായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍പി സിംഗിനെയും സംഘടാകര്‍ ക്ഷണിച്ചു.
മസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ ചാര്‍ളി ബേക്കര്‍ 75-ാം വര്‍ഷത്തെ സ്വാതന്ത്ര്യദിനം ‘ഇന്ത്യന്‍ ദിനമായി ‘പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലെ ഇന്ത്യാ സ്ട്രീറ്റിലും ഓഗസ്റ്റ് 14 ന് റോഡ് ഐലന്‍ഡിലെ സ്റ്റേറ്റ് ഹൗസിലും ദിനാചരണം നടക്കും.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇന്ത്യന്‍ ദിനം ആചരിക്കുന്നതെന്ന് ഐഎഫ്എ വ്യക്തമാക്കി.
ബോസ്റ്റണ്‍ ഹാര്‍ബറില്‍ പതാക ഉയര്‍ത്തുന്നതിനൊപ്പം വിമുക്തഭടന്മാരുടെ ഒരു വലിയ ബാന്‍ഡ് നയിക്കുന്ന പരേഡും രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന കാഴ്ച ദൃശ്യങ്ങളും ഉണ്ടാകും. റോഹഡ് ഐലന്‍ഡിന്റെ സ്റ്റേറ്റ് ഹൗസിന്റെ ഉദ്ഘാടനവും നടക്കുമെന്ന് ഐഎഫ്എ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആഘോഷം 2023 ഓഗസ്റ്റ് 15 വരെ നീളും.