ഇന്ത്യയില്‍ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വഷളായെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്മീഷനായ യു.എസ്.സി.ഐ.ആര്‍.എഫിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നത് സംബന്ധിച്ച് യു.എസ് ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയത്തില്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും യു.എസ് അറിയിച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്രതലത്തില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് സംസാരിക്കുന്നുണ്ടെന്നും മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയില്‍ മുസ്ലിംകളെ അപരവല്‍ക്കരിക്കുന്നത് സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു മില്ലറിന്റെ പ്രതികരണം.
ലേഖനത്തില്‍ മോദി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തിന്റെ മതേതര സ്വഭാവവും ജനാധിപത്യവും ഇല്ലാതായെന്ന് വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ് കഴിയുന്നതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
നേരത്തെ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. യു.എസ്.സി.ഐ.ആര്‍.എഫ് രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരാമയ സംഘടനയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാര്‍മികത കമ്മീഷന്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കമ്മീഷന്‍ ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.