അതിശൈത്യം തുടരുന്ന അമേരിക്കയിൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ടുകൾ. മൂന്ന് ഇന്ത്യക്കാർ ഉൾപ്പടെ 65 പേർ ഇതുവരെ മരണപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
അമേരിക്കയിൽ ആഴ്ചകളായി തുടരുന്ന അതിശൈത്യത്തെ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ മരണസംഖ്യയിൽ 28- ഓളം പേർ ന്യൂയോർക്ക് നഗരത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ശീതകാറ്റിന്റെ ആഘാതം കുറഞ്ഞതായും സൂചനയുണ്ട്. പ്രധാന റോഡുകളിൽ നിന്നും മഞ്ഞ് നീക്കം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ മഞ്ഞ് നീക്കം ചെയ്യുമ്പോൾ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി ന്യൂയോർക്കിലെ മേയർ പറഞ്ഞു.
അമേരിക്കയുടേതിന് സമാന സാഹചര്യമാണ് കാനഡയിലുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിബന്ധം മുടങ്ങിയതായാണ് വിവരം. നിരവധി വിമാന സർവ്വീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുമുണ്ട്.