ദക്ഷിണ കൊറിയയിൽ ആണവായുധ ശേഷിയുള്ള മുങ്ങിക്കപ്പൽ വിന്യസിപ്പിച്ച് യുഎസ്. അമേരിക്കയുടെ കെന്റകി എന്ന മുങ്ങിക്കപ്പലാണ് ദക്ഷിണ കൊറിയൻ തീരമായ ബുസാനിൽ എത്തിച്ചത്. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണി നേരിടുന്നതിനാണ് മുങ്ങിക്കപ്പൽ വിന്യസിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
1980ന് ശേഷം ആദ്യമായാണ് അമേരിക്കയുടെ സുപ്രധാനമായ ഒരു മുങ്ങിക്കപ്പൽ ദക്ഷിണ കൊറിയൻ തീരം തൊടുന്നത്. അടുത്തിടെ ഉത്തര കൊറിയ തുടർച്ചയായി മിസൈലുകൾ പരീക്ഷിച്ചിരുന്നതിനാൽ മേഖലയിൽ യുഎസ് സൈന്യം അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിൻറെ തുടർച്ചയായാണ് മുങ്ങിക്കപ്പൽ മേഖലയിൽ വിന്യസിപ്പിച്ചത്.
ഏപ്രിലിൽ യു.എസ്-ദക്ഷിണ കൊറിയ പ്രസിഡന്റുമാർ ഒപ്പുവെച്ച കരാറിന്റെ ഭാഗമായുള്ള മുങ്ങിക്കപ്പലുകളാണ് ചൊവ്വാഴ്ച ബുസാനിൽ എത്തിയത്. കരാറിന്റെ ഭാഗമായി സൈനികാഭ്യാസ പ്രകടനങ്ങൾ വിപുലീകരിക്കുന്നതിനു ദ്വിരാഷ്ട്ര ന്യൂക്ലിയർ കൺസൽട്ടേറ്റിവ് ഗ്രൂപ്പിനും രൂപം നൽകിയിട്ടുണ്ട്. അതേസമയം, സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു.എസിന്റെ പൂർണ സൈനികശേഷി ഉപയോഗിച്ചുള്ള അഭ്യാസപ്രകടനത്തിനായാണ് മുങ്ങിക്കപ്പൽ എത്തിയതെന്ന് കൊറിയൻ പ്രതിരോധ മന്ത്രി ലീ ജോങ് സുപ് പറഞ്ഞു.