Monday, November 25, 2024

കരിങ്കടലില്‍ പതിച്ച യുഎസ് സൈനിക നിരീക്ഷണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് റഷ്യ

കരിങ്കടലില്‍ പതിച്ച യുഎസ് സൈനിക നിരീക്ഷണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് റഷ്യ. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡ്രോണ്‍ കണ്ടെത്താനാവുമോ എന്നത് അറിയില്ല. എന്നാലും അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് നിക്കോളാസ് വ്യക്തമാക്കി. കരിങ്കടലില്‍ ഡ്രോണിന്റെ സാന്നിധ്യം അമേരിക്ക യുദ്ധത്തില്‍ പങ്കാളികളാണെന്ന സ്ഥിരീകരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഡ്രോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അമേരിക്കയും വ്യക്തമാക്കി. ഡ്രോണ്‍ വീണ്ടെടുക്കുന്നത് വെല്ലുവിളിയാകുമെന്ന് ഉന്നത സൈനിക ജനറല്‍ ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു. 4,000 അടി മുതല്‍ 5,000 അടി വരെ (1,200 മീറ്റര്‍ മുതല്‍ 1,500 മീറ്റര്‍ വരെ) ആഴത്തിലാണ് അത് തകര്‍ന്നുവീണത്. അതുകൊണ്ട് തന്നെ ഡ്രോണ്‍ കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഡ്രോണുകള്‍ പ്രധാനമായും രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് ഉപയോഗിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി.

2014ല്‍ ക്രിമിയ പിടിച്ചെടുത്തതിന് ശേഷം അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ക്രിമിയന്‍ അതിര്‍ത്തിയിലേക്ക് വരുന്നതിനെതിരെ റഷ്യ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനവും അമേരിക്കയുടെ എംക്യു9 റീപ്പര്‍ ഡ്രോണും കൂട്ടിയിടിച്ചത്. റഷ്യന്‍ നാവിക സേനയെ നിരീക്ഷിക്കുന്നതിനായി കരിങ്കടലിന് മുകളില്‍ അമേരിക്ക ഉപയോഗിക്കുന്ന ഡ്രോണാണ് എംക്യു9. ഏതാണ്ട് 25000 അടി ഉയരത്തില്‍ വച്ചാണ് യുദ്ധ വിമാനത്തില്‍ തട്ടി ഡ്രോണ്‍ തകര്‍ന്നത്.

ക്രിമിയയുടെ തെക്ക് -പടിഞ്ഞാറ് രാജ്യാന്തര വ്യോമാതിര്‍ത്തിയില്‍ വച്ച് ഡ്രോണിനെ പിന്തുടര്‍ന്ന് റഷ്യ ആക്രമിക്കുയായിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇത് സുരക്ഷിതമല്ലാത്ത നടപടിയാണെന്നും അമേരിക്ക ആരോപിച്ചു. റഷ്യന്‍ വിമാനങ്ങള്‍ അര മണിക്കൂറിലധികം ഡ്രോണിന് സമീപമുണ്ടായിരുന്നതായി അമേരിക്ക പറയുന്നു.

 

Latest News