തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിഞ്ഞ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ. മിക്ക രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യമായി കണക്കാക്കാവുന്ന അവസ്ഥയാണിത്. തുടര്‍ച്ചയായുള്ള സമ്പദ്വ്യവസ്ഥയുടെ കീഴോട്ടുപോക്ക് ജനങ്ങളെ ഭീതിയില്‍ ആക്കി.
നിലവില്‍ ഇന്ധനത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കും 1981നു ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. നഷ്ടപ്പെടുന്ന ജനപിന്തുണ ഉറപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന് നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ വിശ്വാസത്തില്‍ എടുത്തിട്ടില്ല. തൊഴിലില്ലായ്മ നിരക്ക് 3.6 ശതമാനമായി തുടരുന്നു.
വര്‍ഷത്തിന്റെ ആദ്യ മൂന്നുമാസം സമ്പദ്വ്യവസ്ഥ 1.6 ശതമാനം ഇടിഞ്ഞിരുന്നു. രാജ്യത്ത് പണപ്പെരുപ്പം ജൂണില്‍ 9.1 ശതമാനമായി. പലിശനിരക്ക് വീണ്ടും കൂട്ടിയതായി സെന്‍ട്രല്‍ ബാങ്ക് ബുധനാഴ്ച പ്രഖ്യാപിച്ചു. 0.75 ശതമാനമാണ് കൂട്ടിയത്. മാര്‍ച്ചിനുശേഷമുള്ള രണ്ടാം വര്‍ധനയാണിത്.
ഭവന മേഖലയിലെ ബിസിനസ് കുത്തനെ ഇടിഞ്ഞു. മെറ്റ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍പോലും ഓഹരിവിപണിയില്‍ തകര്‍ച്ച നേരിടുന്നു. പുതിയ നിയമനങ്ങള്‍ കുറയ്ക്കുമെന്ന് ജനറല്‍ മോട്ടോഴ്സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പിരിച്ചുവിടലിനും തുടക്കമായി.