Tuesday, November 26, 2024

യുഎസ് ജനപ്രതിനിധി സഭയിൽ സ്ഥാനം ഉറപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയി‍ൽ ഭൂരിപക്ഷം നേടി. ഇതോടെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ പ്രസിഡന്റ് ജോ ബൈഡന്റെ ഇനിയുള്ള രണ്ട് വർഷത്തെ ഭരണം സുഗമമാകില്ല. കലിഫോർണിയയിലെ 27–ാം ജില്ല മൈക്ക് ഗാർസിയ നിലനിർത്തിയതോടെയാണ്, 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിനാവശ്യമായ 218 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി തികച്ചത്.

211 സീറ്റുമായി ഡെമോക്രാറ്റുകൾ തൊട്ടുപിന്നിലുണ്ട്. ആറ് സീറ്റുകളിൽക്കൂടി ഫലം വരാനുണ്ട്. സാമ്പത്തിക കാര്യങ്ങളിലും യുക്രെയ്നുള്ള സഹായമടക്കം വിദേശകാര്യങ്ങളിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭ ജോ ബൈഡന്റെ നയങ്ങളോട് ഏറ്റുമുട്ടും. അഫ്ഗാനിസ്ഥാനിൽനിന്നുള്ള യുഎസ് സേനാ പിന്മാറ്റം, കോവിഡ് കാലത്തെ നടപടികൾ, ബൈഡന്റെ മകന്റെ ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയടക്കം അന്വേഷിക്കാൻ സഭയിലെ ഭൂരിപക്ഷം പാർട്ടിക്കു തുണയാകും.

100 അംഗ സെനറ്റിൽ 50 സീറ്റ് നേടി ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. ജനുവരിയിൽ പുതിയ കോൺഗ്രസ് സമ്മേളിക്കുമ്പോൾ നടക്കേണ്ട സ്പീക്കർ തിരഞ്ഞെടുപ്പാകും ഇനി ശ്രദ്ധാകേന്ദ്രം. കെവിൻ മക്കാർത്തിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി.

Latest News