ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളില്‍ നിരോധിച്ച ടിക്ടോക്കിന് അമേരിക്കയിലും പൂട്ടുവീഴുന്നു. ടിക് ടോക്കിന് അന്ത്യശാസനം നല്കി, ആപ്പ് നിരോധിക്കാന്‍ അനുമതി നല്കുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പാസാക്കി. യുഎസ് പ്രസിഡന്റിന് ആപ്പ് നിരോധിക്കാനുള്ള അധികാരം നല്കുന്ന ബില്ലാണ് സഭ പാസാക്കിയത്. ഇതോടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ പ്ലേ സ്റ്റോര്‍, തുടങ്ങി അമേരിക്കയിലെ എല്ലാ ആപ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നിരോധിക്കാന്‍ പ്രസിഡന്റിന് അധികാരം ലഭിക്കും.
എന്നാല്‍ സെനറ്റില്‍ നിന്നും ബില്‍ പാസാകേണ്ടതുണ്ട്. ഇതോടെമാത്രമാണ് നിയമം പ്രാബല്യത്തിലെത്തുക. സെനറ്റില്‍ നിന്ന് ബില്‍ പാസായാല്‍ നിയമത്തില്‍ താന്‍ ഒപ്പിടുമെന്ന് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോകിനോട് ചൈനീസ് ഉടമ ബൈറ്റ് ഡാന്‍സുമായി കരാര്‍ അവസാനിപ്പിക്കാന്‍ ജനപ്രതിനിധി സഭ നിര്‍ദേശം നല്കി. മാത്രമല്ല, കമ്പനിയുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ ആറ് മാസത്തെ കാലാവധിയും യുഎസ് ജനപ്രതിനിധി സഭ നല്‍കിയിട്ടുണ്ട്.