Wednesday, November 27, 2024

സുഡാനില്‍ ആദ്യ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ആദ്യ ഉപരോധം അമേരിക്ക ഏർപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘട്ടനത്തില്‍ സിവിലിയന്മാര്‍ക്ക് ഒപ്പം ആയിരിക്കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഖാർത്തൂമിലെയും ഡാർഫറിലെയും രക്തച്ചൊരിച്ചിലിനേയും അമേരിക്ക കുറ്റപ്പെടുത്തി.

രാജ്യത്തെ സംഘർഷത്തിന് നേതൃത്വം നൽകുന്ന സൈനിക വിഭാഗങ്ങളുടെ മേധാവികളെ ലക്ഷ്യമിട്ടാണ് യുഎസിന്റെ നടപടി. ആർഎസ്എഫ് മേധാവി മുഹമ്മദ് ഹംദാൻ ഡഗലോയുടെ നിയന്ത്രണത്തിലുള്ള രണ്ടു കമ്പനിയും കൂടാതെ എസ്എഎഫ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള രണ്ട് പ്രതിരോധ സ്ഥാപനങ്ങള്‍ക്കുമാണ് അമേരിക്ക പ്രതിരോധം ഏർപ്പെടുത്തിയത്. ഇതില്‍ മുഹമ്മദ് ഹംദാന്‍റേ കമ്പനികള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിലും, സുഡാനീസ് തലസ്ഥാനമായ ഖാർത്തൂമിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇരു മേധാവികളുടെയും കമ്പനികള്‍ക്ക് വ്യാഴാഴ്ചയാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.

അതേസമയം, സുഡാനിലെ ഇതുവരെയുള്ള ആക്രമണത്തില്‍ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. കൂടാതെ 1.3 ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യുകയോ മാറ്റി പാര്‍പ്പിക്കുകയോ ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനിടെ സുഡാൻ സംഘർഷത്തിനെതിരെ
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ രംഗത്തെത്തി. “ഒരു വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും, രാജ്യത്തുടനീളം വിവേകശൂന്യമായ അക്രമം തുടരുകയാണ്. ഇത് മാനുഷിക സഹായം വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു,” അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Latest News