Sunday, November 24, 2024

പാകിസ്ഥാന് ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ നല്‍കി; മൂന്ന് ചൈനീസ് കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്

പാകിസ്ഥാന് ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യയും ഉപകരണങ്ങളും നല്‍കിയ ചൈനീസ് കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. മൂന്ന് ചൈനീസ് കമ്പനികള്‍ക്കും ബെലാറസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. മിന്‍സ്‌ക് വീല്‍ ട്രാക്ടര്‍ പ്‌ളാന്റ്, സിയാന്‍ ലോംഗ്ഡെ ടെക്നോളജി ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ്, ടിയാന്‍ജിന്‍ ക്രിയേറ്റീവ് സോഴ്സ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനി ലിമിറ്റഡ്, ഗ്രാന്‍പെക്റ്റ് കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഉപരോധമേര്‍പ്പെടുത്തിയത്.

ചൈന പാകിസ്ഥാന് കൈമാറിയതില്‍ ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കാനുള്ള സാങ്കേതി വിദ്യകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ചൈനയുമായി ബന്ധമുള്ള നാല് കമ്പനികള്‍ പാകിസ്ഥാന് ആയുധങ്ങള്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയും വിതരണം ചെയ്തതായി വിവരം ലഭിച്ചെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ചൈനയുടെ ഇത്തരം നടപടികള്‍ തുടരാന്‍ സമ്മതിക്കില്ലെന്നും മില്ലര്‍ വ്യക്തമാക്കി.

മിന്‍സക് വീല്‍ ട്രാക്റ്റര്‍ പ്ലാന്റ് കമ്പനി ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കുള്ള പ്രത്യേക വാഹനം നല്‍കിയെന്നും സിയാന്‍ ലോങ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഫിലമെന്റ് വൈന്‍ഡിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള വിതരണം ചെയ്തുവെന്നും യുഎസ് ആരോപിച്ചു. പാകിസ്ഥാന്‍ സൈന്യത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് ചൈനീസ് സഹായമെന്നും പറയുന്നു.

 

Latest News