അമേരിക്കന്‍ മുന്‍ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെ വധിക്കാനുള്ള പദ്ധതിയിലാണ് ഇറാന് പങ്കുണ്ടെന്നാണ് പുതിയ വാദം. യുഎസ് രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ശനിയാഴ്ച നടന്ന പരിപാടിക്കിടെ ഉണ്ടായ വധശ്രമത്തില്‍ ഇറാന് പങ്കുണ്ടോ എന്നതിന് തെളിവില്ല.
ട്രംപിന് നേരെയുള്ള ഇറാന്റെ ഭീഷണികള്‍ സംബന്ധിച്ച് വിവിധ സ്രോതസുകളില്‍നിന്ന് ജോ ബൈഡന്‍ ഭരണകൂടത്തിന് രഹസ്യവിവരങ്ങള്‍ ലഭിച്ചിരുന്നു. ട്രംപിനെ കൊല്ലാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പോലും സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. 2020-ല്‍ ഇറാന്റെ ഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാന്‍ ട്രംപിനെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളില്‍ ട്രംപിനെ വധിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ബറാക്ക് ഒബാമ ഭരണകൂടവുമായി ഇറാന്‍ ഒപ്പിട്ട ആണവകരാറില്‍നിന്ന് ഏകപക്ഷീമായി പിന്മാറിയതും ട്രംപിന്റെ കാലത്തായിരുന്നു. ഈ വിഷയങ്ങളുള്‍പ്പെടെ യുഎസ് – ഇറാന്‍ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിരുന്നു.
ട്രംപിനെ വധിക്കാന്‍ ഇറാനിയന്‍ ഗൂഢാലോചന നടന്നതിനെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായി സിഎന്‍എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് ദേശീയ രഹസ്യാന്വേഷണ വിഭാഗമോ ട്രംപിന്റെ പ്രചാരണ വിഭാഗമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.