Monday, November 25, 2024

യുഎസിലെ ഓള്‍ഡ് നാഷണല്‍ ബാങ്ക് വെടിവയ്പ്പ്: പ്രതി ജീവനക്കാരനെന്നു റിപ്പോര്‍ട്ട്

യുഎസിലെ ഓള്‍ഡ് നാഷണല്‍ ബാങ്കില്‍ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിലെ പ്രതി ബാങ്ക് ജീവനക്കാരന്‍ തന്നെയെന്നു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച വിവരം വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പിനു പിന്നാലെ അക്രമിയും കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഓള്‍ഡ് നാഷണല്‍ ബാങ്കിന്‍റെ ലൂയിസ്‌വില്ലെയിലുളള ഡൗണ്‍ടൗണ്‍ ബ്രാഞ്ചിലെ ജീവനക്കാരനായി പ്രതി ജോലിയില്‍ പ്രവേശിച്ചത്. “തിങ്കളാഴ്ച രാവിലെ ബാങ്കില്‍ എത്തിയ 23 കാരനായ പ്രതി റൈഫിൾ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ഒന്‍പതു പേര്‍ക്കു പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പിനു പിന്നാലെ പ്രതിയും വെടിയേറ്റു മരിച്ചു” – ലൂയിസ് വില്ലെ പോലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെ പോലീസ് കൊലപ്പെടുത്തിയതാണോ അതോ ജീവനൊടുക്കിയതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. പ്രതിയെ ആക്രമത്തിനു പ്രേരിപ്പിച്ച ഘടകം എന്താണെന്നും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും ലൂയിസ് വില്ല മെട്രോ പോലീസ് അറിയിച്ചു.

അതേസമയം, യു.എസിൽ നടന്ന കൂട്ട വെടിവയ്പ്പുകളുടെ നീണ്ട പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഓള്‍ഡ് നാഷണല്‍ ബാങ്കിലെ വെടിവയ്പ്പ്.

Latest News