യുഎസില്‍ സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ കൂട്ടവെടിവെയ്പ്പിലെ പ്രതിയെ പിടികൂടി. 22 കാരനായ റോബര്‍ട്ട് ഇ ബോബി ക്രീമോയെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കൂട്ടക്കൊലയുടെ കാരണം വ്യക്തമായിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കൂട്ടക്കൊലയ്ക്ക് കാരണമായ പ്രതിയെ ഏത് വിധേനെയും പിടികൂടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് റോബര്‍ട്ട് വലയിലായത്.
അതേസമയം ഇല്ലിനോയിസിലുണ്ടായ കൂട്ടവെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. 36 ലധികം പേര്‍ക്ക് പരിക്കേറ്റതായും അതില്‍ 24 പേര്‍ക്ക് ഗുരുതരപരിക്കുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷിക്കാഗോ നഗരത്തിന് 25 മൈല്‍ അകലെയുള്ള ഹൈലന്റ് പാര്‍ക്കിലായിരുന്നു ആക്രമണം. 246-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരേഡില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മെയ് മാസത്തില്‍ തോക്ക് ഉപയോഗിച്ച് രണ്ട് കൂട്ടക്കൊലകള്‍ നടന്നിരുന്നു. അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം തോക്ക് സുരക്ഷ സംബന്ധിച്ച ആദ്യത്തെ സുപ്രധാന ബില്‍ യുഎസ് പാസാക്കിയിരുന്നു.