ഗാസ്സയിലേക്ക് സഹായമെത്തിക്കാനായി യു.എസ് സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച കടല്‍പ്പാലം തകര്‍ന്നു. കനത്ത തിരമാലകളില്‍പ്പെട്ട് ഭാഗികമായാണ് പാലം തകര്‍ന്നത്. ഗസ്സയിലേക്ക് സഹായമെത്തിക്കാനായി മാരിടൈം ഇടനാഴ്ചി നിര്‍മിക്കാനുള്ള യു.എസിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് പാലത്തിന്റെ തകര്‍ച്ച.
320 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് യു.എസ് ഗസ്സയില്‍ കടല്‍പ്പാലം പണിതത്. മെയ് 17 മുതല്‍ ഗസ്സയിലേക്ക് കടല്‍പ്പാലത്തിലൂടെ സാധനങ്ങള്‍ എത്തിച്ചിരുന്നു. യു.എസിന്റെ കടല്‍പ്പാലം പദ്ധതിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കര അതിര്‍ത്തികള്‍ തുറക്കുകയാണ് സഹായ വിതരണത്തിനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ വഴി. ആത്മാര്‍ഥതയുണ്ടെങ്കില്‍ അമേരിക്ക അതിന് സമ്മര്‍ദം ചെലുത്തണമെന്നായിരുന്നു ഗസ്സയില്‍ സഹായം നല്‍കുന്ന വിവിധ സംഘടനകള്‍ വ്യക്തമാക്കിയത്.
പെന്റഗണ്‍ ഔദ്യോഗികമായി തന്നെ പാലം തകര്‍ന്ന വിവരം അറിയിച്ചിട്ടുണ്ട്.പാലത്തിന് തകരാര്‍ സംഭവിച്ചുവെന്നും അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പെന്റഗണ്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാബിറിന സിങ് പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ പാലം പൊളിച്ച് ഇസ്രായേലിലെ അഷ്ദൂദ തുറമുഖത്തെത്തിച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറ്റകൂറ്റപ്പണികള്‍ നടത്തും. ഒരാഴ്ചക്കകം പാലം പൂര്‍വസ്ഥിതിയിലാക്കുമെന്ന് യു.എസ് അറിയിച്ചു.