റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ അത്യാധുനിക ദീർഘദൂര മിസൈലുകൾ യുക്രൈനു നൽകാൻ യു.എസ് പദ്ധതിയിടുന്നു. മിസൈലുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സംസാരിച്ചതായാണ് വിവരം. ആര്‍മി ടാക്റ്റിക്കല്‍ മിസൈലുകളാണ് (എ.ടി.എ.സി.എം.എസ്) യുക്രൈന് കൈമാറാനായി ഒരുങ്ങുന്നത്.
എ.ടി.എ.സി.എം.എസ് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കണമെന്ന ആവശ്യവുമായി യുക്രൈന്‍ ബൈഡൻഭരണകൂടത്തെ സമീപിച്ചിരുന്നു. 325 മില്യണ്‍ ഡോളറിന്റെ സൈനിക സഹായപാക്കേജ് പ്രഖ്യാപിച്ചപ്പോഴും ദീര്‍ഘദൂര മിസൈലുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസ് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച, യുക്രൈന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റഷ്യയുടെ മിസൈല്‍ ആക്രമണം നടന്നതിനുപിന്നാലെയാണ് എ.ടി.എ.സി.എം.എസ് ദീര്‍ഘദൂര മിസൈലുകള്‍ കൈമാറാന്‍ യു.എസ് പദ്ധതിയിടുന്നത്.
അതേസമയം, യുക്രൈന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്ന രാജ്യമാണ് അമേരിക്ക. 500 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായപാക്കേജ് യു.എസ് ഇതിനോടകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് 190 മൈൽ അധികം ദൂരപരിധിയുള്ള എ.ടി.എ.സി.എം.എസ് മിസൈലുകളും യു.എസ് കൈമാറുന്നത്.