ഇസ്രായേലിനെതിരെയുള്ള ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്നു വ്യക്തമാക്കി അമേരിക്ക. മിസൈൽ ഉല്പാദനസൗകര്യങ്ങളും ബാലിസ്റ്റിക് വിരുദ്ധ മിസൈലുകളും ഉൾപ്പെടെയുള്ള സൈനികകേന്ദ്രങ്ങൾ തകർത്ത ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ശനിയാഴ്ച രാവിലെ ഭീഷണി മുഴക്കിയതോടെയാണ് അമേരിക്ക ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചത്.
ഒക്ടോബറിന്റെ തുടക്കത്തിൽ, ഇസ്രായേലിനെതിരായ ഇറാന്റെ ബാലിസ്റ്റിക് ആക്രമണത്തിനുള്ള പ്രതികരണമായിരുന്നു ശനിയാഴ്ച രാവിലെ നടന്ന ആക്രമണം. “അവരുടെ പ്രതികരണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഞങ്ങൾ ഏകദേശം നാല് ആഴ്ചയായി അവരുമായി (ഇസ്രായേൽ) ആശയവിനിമയം നടത്തിയിരുന്നു. ഇസ്രയേലിന്റെ പ്രതികരണം ആനുപാതികമായിരിക്കണമെന്നും അത് ഒരുതരത്തിലും കൂടുതൽ സംഘർഷത്തിലേക്കു നയിക്കില്ലെന്നും ഉറപ്പാക്കുകയും ചെയ്തു” – യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ തിങ്കളാഴ്ച വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇസ്രായേലിന്റെ പ്രതികരണം ആനുപാതികമാണെന്നും ഇറാൻ ഒരുതരത്തിലും പ്രതികരിക്കരുതെന്നും ഏതെങ്കിലും വിധത്തിൽ ഇറാൻ പ്രതികരിച്ചാൽ ഞങ്ങൾ ഇസ്രായേലിനെ പ്രതിരോധിക്കുന്നതു തുടരുമെന്നും മില്ലർ കൂട്ടിച്ചേർത്തിരുന്നു. ന്യൂയോർക്കിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തെക്കുറിച്ചുള്ള യു. എൻ. സുരക്ഷാ കൗൺസിൽ ചർച്ചയിൽ യു. എന്നിലെ യു. എസ്. അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ് ഈ കാര്യം ഊന്നിപ്പറഞ്ഞിരുന്നു.