ചൈനയിൽനിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള പാഴ്‌സലുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി യു എസ് പോസ്റ്റൽ സർവീസ് (യു എസ് പി എസ്) അറിയിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിലെ ഒരു പ്രസ്താവന പ്രകാരം, കത്തുകളെ ഇത് ബാധിക്കില്ല. ‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ’ നിർത്തലാക്കൽ പ്രാബല്യത്തിലുണ്ടാകുമെന്ന് യു എസ് പി എസ് പറഞ്ഞു. എന്നാൽ തീരുമാനത്തിനുള്ള കാരണം വ്യകതമാക്കിയിട്ടില്ല.
ചൈനയിൽനിന്ന് യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 10% അധിക തീരുവ ഏർപ്പെടുത്തിയതിനുശേഷമാണ് ഇത്. 800 ഡോളറോ (£641), അതിൽ കുറവോ വിലയുള്ള സാധനങ്ങൾക്ക് തീരുവയോ, ചില നികുതികളോ നൽകാതെ യു എസിൽ പ്രവേശിക്കാൻ അനുവദിക്കുന്ന ഒരു ഇളവ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഇല്ലാതാക്കി.
ഫെബ്രുവരി 10 മുതൽ കൽക്കരി, ദ്രവീകൃത പ്രകൃതിവാതക ഉൽപന്നങ്ങൾ (എൽ എൻ ജി) എന്നിവയ്ക്ക് 15% ലെവി ഏർപ്പെടുത്തും. അസംസ്കൃത എണ്ണ, കാർഷികയന്ത്രങ്ങൾ, വലിയ എഞ്ചിൻ കാറുകൾ എന്നിവയ്ക്ക് 10% താരിഫ് ബാധകമാകും. വരുംദിവസങ്ങളിൽ പ്രസിഡന്റ് ട്രംപ് തന്റെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
2023 ലെ യു എസ് കോൺഗ്രസ് കമ്മിറ്റി ഓൺ ചൈനയുടെ റിപ്പോർട്ട് അനുസരിച്ച്, ഡി മിനിമസിനായി യു എസിലേക്ക് പ്രവേശിക്കുന്ന എല്ലാ പാഴ്സലുകളിലും പകുതിയോളം ചൈനയിൽനിന്നാണ് അയച്ചത്. ഈ ഇളവ് വഴി രാജ്യത്തേക്ക് പാഴ്സലുകളുടെ വലിയ ഒഴുക്ക് നടക്കുമ്പോൾ നിയമവിരുദ്ധ വസ്തുക്കൾക്കായി അവയിൽ പരിശോധന നടത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി എന്ന് യു എസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.