Friday, January 31, 2025

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾക്ക് അമേരിക്കയുടെ സഹായം; ആശങ്ക അറിയിച്ച് ഇന്ത്യ

പാക്കിസ്ഥാന്റെ എഫ് -16 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നത് ഉൾപ്പടെയുള്ള സാങ്കേതിക സഹായങ്ങൾക്കായി 450 മില്യൺ യു.എസ് ഡോളറിന്റെ വിപുലമായ പാക്കേജിന് അനുമതി നൽകി അമേരിക്ക. തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം. എന്നാൽ അമേരിക്കയുടെ ഈ നടപടിയിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു.

ട്രംപ് ഭരണകൂടം നിർത്തലാക്കിയ നടപടിയാണ് ബൈഡൻ ഇപ്പോൾ പുനരാരംഭിച്ചത്. സെപ്റ്റംബർ ഏഴിനായിരുന്നു യുഎസ് കോൺഗ്രസ് വിദേശകാര്യ കമ്മിറ്റി യുദ്ധവിമാനങ്ങൾ അടക്കമുള്ള സാമ്പത്തിക സഹായ പാക്കേജുമായി ബന്ധപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്. സെനറ്റിൽ ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും അറിയിച്ചിരുന്നു. എതിർപ്പുകളൊന്നും ഇല്ലാത്തതിനാൽ യുഎസ് കോൺഗ്രസ് പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു.

അതേസമയം, സംഭവത്തിൽ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇന്ത്യ. അനവസരത്തിലുള്ള അനുചിതമായ തീരുമാനമാണ് ഇതെന്നാണ് ഇന്ത്യയുടെ ആക്ഷേപം. 2018 -ൽ പാക്കിസ്ഥാനുമായുള്ള 200 കോടി ഡോളർ സുരക്ഷ സഹായവും ആയുധ വിതരണവും യു.എസ് മരവിപ്പിച്ചിരുന്നു.

Latest News