തായ്‌വാൻ വിഷയത്തിൽ ഇടപെടരുതെന്ന ചൈനയുടെ മുന്നറിയിപ്പിനെ അവഗണിച്ച് യു എസ്. തയ്‌വാന് 1.1 ബില്യൻ ഡോളറിന്റെ ആയുധങ്ങൾ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. തയ്‌വാനും ചൈനയും തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളാകുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ തീരുമാനം. യു എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിനു പിന്നാലെ ഭീഷണിയുമായി ചൈന എത്തിയിരുന്നു. എന്നാൽ ചൈനയുടെ ഭീഷണി തള്ളികൊണ്ടാണ് യുഎസ് തായ്‌വാന് ആയുധങ്ങൾ കൈമാറുന്നത്.
മിസൈലുകൾ വരുന്നത് മുൻകൂട്ടി അറിയാൻ സാധിക്കുന്ന റഡാർ സിസ്റ്റങ്ങളും കപ്പലുകളെ മുക്കാൻ ശേഷിയുള്ള 60 നൂതന ഹർപൂൺ മിസൈലുകളുമാണ് യുഎസ് തായ്‌വാനു നൽകുന്നത്. റഡാറുകൾക്ക് 665 മില്യനും മിസൈലുകൾക്ക് 335 മില്യൻ ഡോളറുമാണ് നീക്കിവച്ചിരിക്കുന്നത്. ആയുധക്കച്ചവടം സാധ്യമാകണമെങ്കിൽ യുഎസ് കോൺഗ്രസിന്റെ അനുമതി കൂടി ആവശ്യമാണ്. ആയുധങ്ങൾ തായ്‌വാന്റെ സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു.
‘സൈനികവും നയതന്ത്രപരവും സാമ്പത്തികവുമായ സമ്മർദങ്ങൾ തായ്‌വാനുമേൽ ചെലുത്തുന്നതിൽ നിന്ന് ചൈന പിൻമാറണം. പകരം അർഥവത്തായ ചർച്ചകൾക്ക് വഴിതുറക്കണം. തായ്‌വാൻ തങ്ങൾക്ക് സ്വന്തമാണെന്ന് ചൈന മാത്രമാണ് പറയുന്നത്. തായ്‌വാനെ പിന്തുണയ്ക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് യുഎസ് ലക്ഷ്യം,’ – സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു.