അമേരിക്കൻ സഖ്യകക്ഷിയായ ഡെൻമാർക്കിന്റെ സ്വയംഭരണ, ധാതുസമ്പന്നമായ പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് നിർദേശിച്ചിരിക്കുന്ന സമയത്ത് ഗ്രീൻലാൻഡ് സന്ദർശിക്കാനൊരുങ്ങി രണ്ടാം വനിത ഉഷ വാൻസ്. വ്യാഴാഴ്ച പുറപ്പെട്ട് ശനിയാഴ്ച തിരിച്ചെത്തുമെന്നാണ് വാൻസിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്. ഒരു യു എസ് പ്രതിനിധിസംഘത്തിനൊപ്പം വാൻസും അവരുടെ മൂന്നു കുട്ടികളിൽ ഒരാളുമുണ്ടാകും എന്നാണ് അറിയിപ്പിൽ പറയുന്നത്. ചരിത്രപരമായ സ്ഥലങ്ങൾ സന്ദർശിക്കുകയും ഗ്രീൻലാൻഡ് പൈതൃകത്തെക്കുറിച്ചു പഠിക്കുകയും ചെയ്യുന്ന പ്രതിനിധിസംഘത്തിനൊപ്പമാണ് വാൻസ് യാത്ര ചെയ്യുന്നത്.
വാൻസിനൊപ്പം ട്രംപിന്റെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഉണ്ടാകുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് വാങ്ങുന്നതിനെക്കുറിച്ച് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ആലോചിച്ചിരുന്നു. നാറ്റോ സഖ്യകക്ഷിയായ ഡെൻമാർക്ക് അത് വിൽപനയ്ക്കു വയ്ക്കരുതെന്നു പറയുകയും ചെയ്തു. ഗ്രീൻലാൻഡിലെ ജനങ്ങളും ട്രംപിന്റെ പദ്ധതികളെ ശക്തമായി നിരാകരിക്കുകയും ചെയ്തിരുന്നു.
യൂറോപ്യസ് എന്താണ് ചിന്തിക്കുന്നതെന്ന് ട്രംപ് കാര്യമാക്കുന്നില്ലെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. മാത്രമല്ല, അമേരിക്കൻ പൗരന്മാരുടെ താൽപര്യങ്ങൾക്കു മുൻഗണന നൽകുന്നതിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നതെന്നും വാൻസ് പറഞ്ഞു. വൈറ്റ് ഹൗസിലേക്ക് വീണ്ടുമുള്ള വരവിൽ തന്ത്രപരമായ ദേശീയസുരക്ഷാ കാരണങ്ങളാൽ ഗ്രീൻലാൻഡിനെ നിയന്ത്രിക്കാൻ യു എസ് വരുമെന്ന് ട്രംപ് നേരത്തെയും ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്.