Monday, April 21, 2025

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനം ആരംഭിച്ചു

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തി. അഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഉന്നത അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ ചൈന സന്ദര്‍ശിക്കുന്നത്. ചാരബലൂൺ വിവാദത്തെ തുടര്‍ന്ന് ഫെബ്രുവരിയിൽ നടക്കേണ്ട സന്ദര്‍ശനം ബ്ലിങ്കൻ മാറ്റിവയക്കുകയായിരുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനയിൽ എത്തിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തുകയാണ് ബ്ലിങ്കന്റെ ദ്വിദിന സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണ് വിവരം. ഇന്നും നാളെയും തുടരുന്ന സന്ദര്‍ശനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്താനും ബന്ധം കൂടുതല്‍ ദൃഢമാക്കാനും ചര്‍ച്ച വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഫെബ്രുവരിയിൽ ആന്റണി ബ്ലിങ്കൺ വാഷിങ്ടണില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെടാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ അമേരിക്കൻ ആകാശത്ത് ചൈനീസ് ബലൂൺ കണ്ടെത്തുകയായിരുന്നു. പിന്നാലെ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം യാത്ര മാറ്റിവച്ചു. ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് ശേഷം മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയും ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ വ്യോമാതിര്‍ത്തിയിലേക്ക് ചാരബലൂണുകള്‍ അയക്കുന്നത് പോലെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ ചൈന ആവര്‍ത്തിക്കരുതെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടിരുന്നു.

Latest News