യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഞായറാഴ്ച ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പോയതായി വാഷിംഗ്ടണ്‍ സ്ഥിരീകരിച്ചു. തങ്ങളുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ കീവിലേയ്ക്കുള്ള വരവ് അവര്‍ മടങ്ങുന്നതുവരെ രഹസ്യമായി സൂക്ഷിക്കാന്‍ അമേരിക്ക ശ്രദ്ധിച്ചിരുന്നു. പക്ഷേ യുക്രേനിയന്‍ പ്രസിഡന്റ് പ്രസ്തുത സന്ദര്‍ശനത്തെക്കുറിച്ച് 24 മണിക്കൂര്‍ മുമ്പേ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും അയല്‍രാജ്യമായ പോളണ്ടിലേക്ക് ഇവര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ റിപ്പോര്‍ട്ടര്‍മാരെ ഒരിടത്തേയ്ക്കും ക്ഷണിച്ചുമില്ല.
അമേരിക്കന്‍ പ്രതിനിധികള്‍, കീവ് സന്ദര്‍ശത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായ സൈനിക സഹായം വാഗ്ദാനം ചെയ്തു. കീവിലെ യുഎസ് എംബസി ഈ ആഴ്ച വീണ്ടും തുറക്കുമെന്നും അവര്‍ അറിയിച്ചു.
കീവിലെ യോഗത്തില്‍, യുഎസ് യുക്രെയ്‌നിനുള്ള പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും അവരുടെ യുദ്ധശ്രമങ്ങളെ സഹായിക്കുന്നതിനായി 700 മില്യണ്‍ ഡോളറിലധികം സൈനിക ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഈ തുകയുടെ പകുതിയോളം നേരിട്ട് യുക്രെയ്‌നിലേക്ക് പോകും. ബാക്കി നാറ്റോ അംഗങ്ങള്‍ക്കും മറ്റ് പ്രാദേശിക സഖ്യകക്ഷികള്‍ക്കുമായി വിഭജിച്ചു നല്‍കും. കൂടാതെ, യുഎസ് 165 മില്യണ്‍ ഡോളറിന്റെ വെടിമരുന്നും കീവിലേക്ക് അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രെയ്‌നിലേക്ക് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സന്ദര്‍ശനമാണിത്.
പ്രസിഡന്റ് സെലെന്‍സ്‌കി, ബ്ലിങ്കെന്‍, ഓസ്റ്റിന്‍ എന്നിവര്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്, ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കി എന്നിവരെയും കണ്ടതായി മുതിര്‍ന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.