യുഎസിലെ മോണ്ടാനയില്‍ ചൈനീസ് ചാരബലൂണ്‍ വീണ്ടും കണ്ടെത്തിയതായി അധികൃതര്‍. ബലൂണ്‍ നിയന്ത്രിത വ്യോമതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ സൗത്ത് കരോലിന തീരത്ത് വച്ച് യുഎസ് സൈനിക യുദ്ധവിമാനം ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചു വീഴ്ത്തി. പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചക്ക് ബലൂണ്‍ തകര്‍ക്കുകയായിരുന്നു.
ഏതാനും ദിവസങ്ങളായി യുഎസിന്റെ വടക്കന്‍ മേഖലയ്ക്കു മുകളില്‍ ദുരൂഹസാഹചര്യത്തില്‍ നീങ്ങുന്ന ചൈനീസ് ചാര ബലൂണ്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുഎസ് പ്രസിഡന്റ് ബലൂണ്‍ വെടിവച്ചിടുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകളെക്കുറിച്ച് പ്രതിരോധ വിഭാഗവുമായി ചര്‍ച്ച നടത്തി. ബലൂണ്‍ വെടിവച്ചിട്ടാല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ജീവപായം ഉണ്ടാകാന്‍ സാധ്യതയുള്ളതായി പ്രതിരോധ വിഭാഗം പ്രസിഡന്റിനെ അറിയിച്ചിരുന്നു.
പിന്നീട് പ്രസിഡന്റിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്കാണ് ബലൂണ്‍ തകര്‍ത്തത്. കടലില്‍ വീണ ബലൂണ്‍ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധന നടത്തും. വരും ദിവസങ്ങളില്‍ ചൈനീസ് നിരീക്ഷണ ഉപകരണങ്ങളുടെ ഘടകങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകമാകുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വഴിതെറ്റിയാണ് ബലൂണ്‍ യുഎസില്‍ എത്തിയതെന്നാണ് ചൈന അവകാശവാദമുയര്‍ത്തുന്നത്.