അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളായി തുടരവെ രണ്ട് അമേരിക്കന്‍ സൈനികരെ ആദരിച്ച് ചൈനീസ് ഭരണകൂടം. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത മെൽ മക്മുള്ളൻ (90), ഹാരി മോയർ (103) എന്നിവരെയാണ് ചൈന ആദരിച്ചത്. ബെയ്ജിങ്ങിലെ യു.എസ് എംബസിയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലായിരുന്നു ആദരം.
ജപ്പാനെതിരെയുള്ള രണ്ടാം ലോകമഹായുദ്ധത്തില്‍ ഇരുവരുടെയും സേവനം ചൈനയ്ക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സൈനികരെ ആദരിച്ചത്. ഫ്ലയിങ് ടൈഗേഴ്സ് എന്നറിയപ്പെടുന്ന സൈനികരോടൊപ്പം കുടുംബാംഗങ്ങളും കാലിഫോർണിയയിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആദരമെന്നും അഭ്യൂഹങ്ങളുണ്ട്.
അതേസമയം, നവംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യു.എസ് പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. യു.എസിലെ സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ഉച്ചകോടിയില്‍ ചൈനീസ് പ്രതിനിധിയായി ഷി ജിൻപിങ് നേരിട്ടെത്തുമെന്നാണ് വിവരം.