സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രീംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ തീരുമാനമെടുക്കാം. 15 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യുഎസ് സുപ്രീംകോടതി അംഗീകരിച്ചു.
സ്വന്തം ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് അട്ടമറിക്കപ്പെട്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തെ നിയന്ത്രിക്കാനുള്ള അവകാശം ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ജസ്റ്റിസ് സാമുവേല്‍ അലിറ്റോ പറഞ്ഞു.
ഗര്‍ഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്. വ്യാപക പ്രതിഷേധമാണ് കോടതിയ്ക്ക് പുറത്ത് വിധിക്കെതിരെ നടന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കോടതിയ്ക്ക് ചുറ്റും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
ഗര്‍ഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ അമേരിക്കന്‍ സുപ്രീംകോടതി വിധിയില്‍ രൂക്ഷ വിമര്‍ശനമാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഉന്നയിച്ചിരിക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശം ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്ന റോയ് വെയ്ഡ് തീരുമാനം അസാധുവാക്കുന്നതില്‍ സുപ്രീം കോടതിക്ക് ദാരുണമായ പിഴവ് സംഭവിച്ചുവെന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്. ഈ വിധി രാജ്യത്തെ 150 വര്‍ഷം പിന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15 ആഴ്ചകള്‍ക്കുശേഷവും ഗര്‍ഭച്ഛിദ്രം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരമായ സംരക്ഷണം അവസാനിപ്പിക്കാന്‍ യുഎസ് സുപ്രീം കോടതി തീരുമാനിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് വിലക്കില്ലാത്ത സംസ്ഥാനങ്ങളിലെ ക്ലിനിക്കുകളെ ഗര്‍ഭഛിദ്രത്തിന് സമീപിക്കാമെന്നും അതിനാവശ്യമായ എല്ലാ സംരക്ഷണവും നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
ഗര്‍ഭച്ഛിദ്ര വിധി അമേരിക്കയെ ലോകത്തിന് മുന്നില്‍ മോശമായി ചിതീകരിക്കും. ‘ഇത് അങ്ങേയറ്റം അപകടകരമാണ്’ എന്ന് പ്രസ്താവിച്ച യുഎസ് പ്രസിഡന്റ്, ഗര്‍ഭച്ഛിദ്ര സംവാദ പ്രവര്‍ത്തകരോട് എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായി നടത്താനും അഭ്യര്‍ത്ഥിച്ചു. അതേസമയം ഗര്‍ഭച്ഛിദ്ര വിധി ഗര്‍ഭനിരോധനത്തെയും സ്വവര്‍ഗ്ഗ വിവാഹാവകാശങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വനിതകളുടെ ആരോഗ്യവും ജീവനും അപകടത്തിലാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
യുഎസ് സുപ്രീം കോടതി, 6-3 എന്ന ഭൂരിപക്ഷത്തിലായിരുന്നു, 15 ആഴ്ചകള്‍ക്കുശേഷം ഗര്‍ഭഛിദ്രം നിരോധിക്കുന്ന റിപ്പബ്ലിക്കന്‍ പിന്തുണയുള്ള മിസിസിപ്പി നിയമം ശരിവച്ചത്. റിപ്പബ്ലിക്കന്മാരും യാഥാസ്ഥിതികരുമാണ് ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കണമെന്ന് ശക്തമായി വാദിച്ചത്. 50 വര്‍ഷം മുന്‍പിറക്കിയ ഉത്തരവാണ് ഇതിലൂടെ റദ്ദാക്കിയത്. റോ വേഴ്സസ് വേഡ് കേസില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ട് 1973 ലായിരുന്നു അമേരിക്കയില്‍ പുതിയ നിയമം നിലവില്‍ വന്നത്. പുതിയ വിധിക്കെതിരെ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്താമെങ്കിലും സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമം പാസാക്കുക എളുപ്പമല്ല.
അബോര്‍ഷന്‍ അനുവദിക്കുന്നതില്‍ ഇനി തീരുമാനം സംസ്ഥാനങ്ങളുടേതായിരിക്കും. ഈ വിധിയോടെ റിപ്പബ്ലിക്കുകള്‍ക്ക് മേല്‍ക്കൈയുള്ള ഏകദേശം പകുതി സംസ്ഥാനങ്ങളിലും അബോര്‍ഷന്‍ നിരോധനത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
13 സംസ്ഥാനങ്ങളില്‍ ഇതിനകം ഗര്‍ഭഛിദ്ര നിരോധന നിയമങ്ങള്‍ നിലവിലുണ്ട്. അതേസമയം ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
റോ വേഴ്സസ് വേഡ് കേസ്
അമേരിക്കന്‍ വനിതകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്നു സുപ്രീംകോടതി വിധിച്ചത് ‘റോ വേഴ്സസ് വേഡ്’ കേസിലാണ്.
ഇരുപത്തൊന്നുകാരിയായ നോര്‍മ മക്കോര്‍വി 1969ല്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചതാണ് കേസിന്റെ തുടക്കം. ടെക്സസിലെ ഡാളസില്‍ ഗര്‍ഭച്ഛിദ്രത്തിനു ശ്രമിച്ചെങ്കിലും നിയമവിരുദ്ധമായതിനാല്‍ നടന്നില്ല. തുടര്‍ന്ന് ഇവര്‍ ജെയിന്‍ റോ എന്ന പേരില്‍ ജില്ലാ കോടതിയില്‍ കേസ് നല്കി.
ഡാളസ് ജില്ലാ അറ്റോര്‍ണി ഹെന്റി വേഡ് ആയിരുന്നു എതിര്‍സ്ഥാനത്ത്. വിധിയും അപ്പീലുകളുമായി സുപ്രീംകോടതിയിലെത്തിയ കേസില്‍ 1973 ജനുവരിയില്‍ ഉത്തരവുണ്ടായി.
മതവിശ്വാസിയായി മാറിയ മക്കോര്‍വി പിന്നീട് പശ്ചാത്തപിക്കുകയും ഗര്‍ഭച്ഛിദ്രത്തിനു വേണ്ടി വാദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു. 2017 ഫെബ്രുവരിയില്‍ ഇവര്‍ അന്തരിച്ചു.