ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് തങ്ങളുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണവും ദ്വിതീയ തീരുവകളും ഏർപ്പെടുത്തുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞയാഴ്ച വാഷിംഗ്ടണുമായി നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചതിനുശേഷമാണ് ട്രംപിന്റെ ആദ്യ പരാമർശം പുറത്തുവന്നിരിക്കുന്നത്. യു എസ് ഉദ്യോഗസ്ഥരും ഇറാൻ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിക്കുന്നുണ്ടെന്നായിരുന്നു ട്രംപ് ആദ്യം മാധ്യമങ്ങളോടു പറഞ്ഞതെങ്കിലും ഇതേക്കുറിച്ച് കൂടുതലൊന്നും വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
“അവർ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകും” എന്ന് ഒരു ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. മാത്രമല്ല, “അവർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അതെന്നും” ട്രംപിന്റെ ഭീഷണിയിൽ എടുത്തുപറയുന്നുണ്ട്. “അവർ ഒരു കരാറിൽ എത്തിയില്ലെങ്കിൽ, നാലുവർഷം മുൻപ് ചെയ്തതുപോലെ ഞാൻ അവർക്ക് ദ്വിതീയ താരിഫ് ഏർപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ആണവകരാറിലെത്താൻ ടെഹ്‌റാനെ പ്രേരിപ്പിച്ചുകൊണ്ട് ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചത്. പരമാവധി സമ്മർദത്തിലും സൈനികഭീഷണിയിലും അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടരുതെന്നതാണ് തങ്ങളുടെ നയമെന്നും ഇറാൻ വ്യക്തമാക്കി. ട്രംപിന്റെ ഭീഷണിയിലുള്ള ദ്വിതീയ താരിഫുകൾ റഷ്യയിലെയും ഇറാനിലെയും സാധാരണ ജനങ്ങളെ ഏറെ ബാധിക്കും. വെനിസ്വേലൻ എണ്ണ വാങ്ങുന്നവർക്ക് അത്തരം താരിഫുകൾ അനുവദിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം കഴിഞ്ഞ ആഴ്ച ഒപ്പുവച്ചിരുന്നു.