Friday, April 4, 2025

കോംഗോയ്ക്ക് 414 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായവുമായി യുഎസ്

യുദ്ധ പശ്ചാത്തലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും എണ്ണമറ്റ വ്യക്തികളെ കുടിയൊഴിപ്പിക്കുകയും ചെയ്ത, ഡിആര്‍സിയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) സംഘര്‍ഷ പശ്ചാത്തലത്തില്‍ മാനുഷിക സഹായവുമായി യുഎസ് രംഗത്ത്. ഡിആര്‍സിയിലെ യുഎസ് അംബാസഡര്‍ ലൂസി ടാംലിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് കിന്‍ഷാസയിലെക്കുള്ള സഹായം യു.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

25 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതം നിലവില്‍ പ്രതിസന്ധിയിലാണ്, രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്നാണിത്. ഈ തുക യുഎന്‍ ഏജന്‍സികള്‍ക്കും, അടിയന്തര ഭക്ഷണ സഹായം, ആരോഗ്യ സംരക്ഷണം, പോഷകാഹാര പിന്തുണ, പാര്‍പ്പിടം, വെള്ളം, ശുചിത്വം, എന്നിവ നല്‍കുന്ന സന്നദ്ധ ഗ്രൂപ്പുകള്‍ക്കും നല്‍കുമെന്ന് യുഎസ് അംബാസഡര്‍, ജെഫ്രി പ്രെസ്‌കോട്ട് അറിയിച്ചു. അമേരിക്കന്‍ കര്‍ഷകരില്‍ നിന്നുള്ള നേരിട്ടുള്ള പിന്തുണയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

2022 മുതല്‍ കോംഗോയുടെ സൈന്യം എം 23 വിമതരുമായി പോരാടുകയാണ്, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഡിആര്‍സിയിലെ സംഘര്‍ഷം ആഗോളതലത്തിലെ തന്നെ ഏറ്റവും കടുത്ത മാനുഷിക പ്രതിസന്ധികള്‍ക്കാണ് വഴിയൊരുക്കിയത്. ധാതുക്കളാല്‍ സമ്പന്നമായ ഒരു രാജ്യത്ത് വര്‍ഷങ്ങളോളം നീണ്ടുനിന്ന സംഘര്‍ഷങ്ങളുടെ ഫലമായി 60 ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Latest News