ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെ നിര്‍ദേശിച്ച് യുഎസ്. അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയാണ് നാവികസേന തലപ്പത്തേക്ക് പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശിച്ചത്. നിലവിലെ നാവിക സേനാ മേധാവിയായ അഡ്മിറൽ മൈക്ക് ഗിൽഡേയ് അടുത്ത മാസം വിരമിക്കാനിരിക്കെയാണ് പ്രസിഡന്‍റിന്‍റെ നിര്‍ദേശം.
യുഎസ് നാവിക സേനയുടെ ഉപമേധാവിയാണ് 38 വർഷമായി അമേരിക്കൻ നാവിക സേനയിൽ പ്രവര്‍ത്തിക്കുന്ന ലിസ ഫ്രാഞ്ചെറ്റി. യുദ്ധകപ്പലുകളിലും, മിസൈൽ പ്രതിരോധ സംവിധാനത്തിലും പ്രവർത്തിച്ച് പരിചയ സമ്പത്തുള്ള ആളുകൂടിയാണ് ഇവര്‍. ഇതേ തുടര്‍ന്നാണ് അടുത്ത മാസം വരുന്ന ഒഴിവിലേക്ക് ഫ്രാഞ്ചെറ്റിയെ പ്രസിഡന്‍റ് നിര്‍ദേശിച്ചത്. ബൈഡന്‍റെ നിര്‍ദേശം സെനറ്റ് അംഗീകരിച്ചാല്‍ ഫ്രാഞ്ചെറ്റി നാവികസേനയുടെ മേധാവിയാകും.
1985 ലാണ് ലിസ അമേരിക്കന്‍ നാവിക സേനയിലെത്തുന്നത്. 2022 സെപ്റ്റംബറില്‍ ലിസ നാവിക സേന ഉപ മേധാവിയായി. യൂറോപ്പിലും, ആഫ്രിക്കയിലും അമേരിക്കൻ നാവിക സേനയുടെ കമാൻഡറായി ലിസ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുതിയ പദവിയിൽ ലിസ ചരിത്രം രചിക്കുമെന്നാണ് നാമ നിർദേശം നടത്തിക്കൊണ്ട് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയത്. ലിസയെ അഭിനന്ദിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ രംഗത്തെത്തിയിട്ടുണ്ട്. ലിസയുടെ നിയമനത്തിൽ സെനറ്റിന്‍റെ തീരുമാനമാണ് അന്തിമം.