Monday, November 25, 2024

3.99 ബില്യണ്‍ ഡോളറിന്റെ എംക്യു 9 ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ യുഎസ്

3.99 ബില്യണ്‍ ഡോളറിന്റെ എംക്യു 9 ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ യുഎസ് അനുമതി നല്‍കി. യുഎസ് ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഡ്രോണ്‍ വിമാനം വാങ്ങാന്‍ ധാരണയായത്.

ഇന്ത്യ-പസഫിക് മേഖലയിലും പശ്ചിമേഷ്യയിലും രാഷ്ട്രീയ സ്ഥിരത, സമാധാനം, സാമ്പത്തിക വളര്‍ച്ച എന്നിവ ലക്ഷ്യമിട്ടാണ് യുഎസ് ഡ്രോണ്‍ കൈമാറ്റത്തിന് അനുമതി നല്‍കിയത്. വില്‍പ്പന യുഎസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും അമേരിക്കയുടെ വിദേശ നയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവിയില്‍ ഭീഷണികളെ നേരിടാന്‍ ഈ അത്യാധുനിക ഡ്രോണ്‍ വിമാനങ്ങള്‍ ഇന്ത്യയെ സഹായിക്കും. കടല്‍ പാതകളില്‍ നിരീക്ഷണം നടത്തുന്നതിനും പട്രോളിംഗിനും ഇതിലൂടെ സാധിക്കും. ആറ് വര്‍ഷത്തിന് ശേഷമാണ് അന്തിമ കരാറായത്. ഇന്ത്യന്‍ കര,വ്യോമ,നാവിക സേനകള്‍ ഈ ഡ്രോണുകള്‍ ഉപയോഗിക്കും. 31 ഡ്രോണുകളായിരിക്കും ഇന്ത്യക്ക് നല്‍കുക. ‘ഡ്രോണ്‍ കൈമാറുന്നത് യുഎസിന്റെ തീരുമാനമാണ്. അവര്‍ക്ക് അവരുടെ ആഭ്യന്തര നടപടിക്രമങ്ങളുണ്ട്. ഞങ്ങള്‍ അതിനെ ബഹുമാനിക്കുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്തകളോട് പ്രതികരിച്ചു.

 

Latest News