ഇസ്രായേല്‍-ലബനന് സംഘര്‍ഷം മേഖലായുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിനും ഹിസ്ബുള്ളയ്ക്കുമിടയില് നയതന്ത്ര നീക്കം ഊര്‍ജിതമാക്കുമെന്ന് അമേരിക്ക. പുതിയ യുദ്ധമുഖം തുറക്കുന്നത് ഇസ്രായേല്‍ താല്പര്യങ്ങള്ക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.
ഇസ്രായേല്‍, ലബനന് സംഘര്‍ഷം ഗള്‍ഫ് മേഖലായുദ്ധമായി പടരുമെന്ന് മുന്നറിയിപ്പ് നല്കിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, നയതന്ത്ര മാര്‍ഗത്തിലൂടെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. വിനാശകാരിയായ യുദ്ധം ഇസ്രായേല്‍ താല്പര്യങ്ങള്ക്കും ഒട്ടും ഗുണം ചെയ്യില്ലെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായുള്ള ചര്‍ച്ചയില്‍ ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
നയതന്ത്ര സാധ്യതകളിലൂടെ യുദ്ധം ഒഴിവാക്കാന്‍ ശ്രമം തുടരുമെന്ന് യോവ് ഗാലന്റ് അറിയിച്ചതായി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ഗസയിലെ സിവിലിയന്‍ കുരുതിയിലുള്ള ആശങ്ക പങ്കുവച്ചതിനു പുറമെ കൂടുതല്‍ സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ലക്ഷ്യം നേടും വരെ ആക്രമണം ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണം പൂര്‍ണമായും ഉപേക്ഷിക്കുകയും സൈന്യം ഗാസ വിടുകയും ചെയ്യാതെ ബന്ദിമോചനം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.