ചൈനയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായി യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ. കഴിഞ്ഞ ദിവസങ്ങളിൽ ബെയ്ജിങ് സന്ദർശിച്ച് ചൈനീസ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്നും അവർ അറിയിച്ചു.
“സംഘർഷമല്ല, സഹകരണമാണ് അഭിവൃദ്ധിയിലേക്ക് നയിക്കുകയെന്ന് ഇരുരാജ്യങ്ങൾക്കും ബോധ്യമുണ്ട്. ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ ലഘൂകരിക്കാൻ കഴിക്കും” ജാനറ്റ് യെല്ലെൻ പറഞ്ഞു. ഒന്നിച്ച് ഇരു രാജ്യങ്ങൾക്കും ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. നാലുദിവസത്തെ ചൈനീസ് സന്ദർശനത്തിനെത്തിയ ജാനറ്റ് ഞായറാഴ്ചയാണ് യുഎസിലേക്ക് മടങ്ങിയത്.
യു.എസും ചൈനയും തമ്മിൽ നിരവധി വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. തായ്വാൻ, ചൈനീസ് ചാരബലൂണുകൾ യു.എസ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത് മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായത്. എന്നാൽ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ മാസം ബെയ്ജിങ് സന്ദർശിച്ചതോടെ ഇരു രാജ്യങ്ങളുടേയും സമീപനത്തിൽ പുരോഗമനപരമായ മാറ്റം വന്നിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് ട്രഷറി സെക്രട്ടറിയുടെ സന്ദർശനവും.