ചെങ്കടലിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയും ആഗോള ചരക്ക് ഗതാഗതത്തെ കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നുവെന്ന് യൂറോപ്യന്‍ യൂണിയനിലെ ചൈനയുടെ പ്രതിനിധി മുന്നറിയിപ്പ് നല്‍കി.
‘അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നം വര്‍ധിപ്പിക്കും. വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാനോ അവക്ക് സംരക്ഷണം നല്‍കാനോ സാധിക്കുന്നില്ല’ -ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആയുധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഫു കോങ് വ്യക്തമാക്കി.
തെക്കന്‍ ചെങ്കടല്‍ ലക്ഷ്യമാക്കി വിക്ഷേപിക്കാന്‍ തയാറായ രണ്ട് കപ്പല്‍ വിരുദ്ധ മിസൈലുകള്‍ തങ്ങളുടെ സൈന്യം യെമനില്‍ തകര്‍ത്തതായി ബുധനാഴ്ച രാവിലെ യു.എസ് സൈന്യം അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം വരുന്നത്.
യു.എസിനെയും യൂറോപ്പിനെയും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന 500ലധികം ചരക്ക് കപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. ഇത് ചരക്ക് ഗതാഗതം വൈകിപ്പിക്കുകയും ചെലവുകള്‍ വലിയ രീതിയില്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ചെങ്കടലിലൂടെ റഷ്യന്‍, ചൈനീസ് കപ്പലുകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതി നേതാവ് മുഹമ്മദ് അല്‍ ബുഖൈത്തി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയും ചൈനയും ഉള്‍പ്പെടെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതം പ്രശ്‌നമല്ല.
അത്തരം കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്. കാരണം സ്വതന്ത്ര കപ്പല്‍ യാത്ര ഞങ്ങളുടെ രാജ്യത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍, ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.