റഷ്യയുടെ എണ്ണ വ്യാപാരത്തിനുമേൽ ഇതുവരെയുള്ളതിൽവച്ച് ഏറ്റവും വലിയ ഉപരോധം ഏർപ്പെടുത്തി അമേരിക്കയുടെ ബൈഡൻ ഭരണകൂടം. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനുള്ള വരുമാനത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
വ്യാപാരികൾ, ഉദ്യോഗസ്ഥർ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങി ഇരുനൂറിലധികം സ്ഥാപനങ്ങളെയും വ്യക്തികളെയും നൂറുകണക്കിന് എണ്ണടാങ്കറുകളെയും ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ നടപടി. യുക്രൈൻ അധിനിവേശത്തിനുശേഷം ആദ്യമായി, റഷ്യൻ ഊർജ കമ്പനികളായ ഗാസ്പ്രോം നെഫ്റ്റിനും സർഗുട്ട്നെഫ്റ്റെഗാസിനും നേരിട്ട് ഉപരോധം ഏർപ്പെടുത്തുന്നതിൽ യു. കെ. യും യു. എസിനൊപ്പം ചേരും.
“റഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതോടെ റഷ്യയുടെ പോരാട്ടവീര്യം കുറയും. പുടിന്റെ കൈകളിൽനിന്ന് നമ്മൾ എടുക്കുന്ന ഓരോ റൂബിളും യുക്രേനിയൻ ജനതയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും” – യു. കെ. യുടെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
റഷ്യൻ ഊർജം നിയമപരമായി ആർക്കൊക്കെ വാങ്ങാമെന്നത് കർശനമായി പരിമിതപ്പെടുത്താനും ലോകമെമ്പാടും എണ്ണ കയറ്റുമതി ചെയ്യുന്ന മോസ്കോയുടെ ‘ഷാഡോ ഫ്ലീറ്റ്’ എന്നു വിളിക്കുന്ന ഓയിൽ ടാങ്കർകപ്പലുകളെ നിയന്ത്രിക്കാനുമാണ് വാഷിങ്ങ്ടണിന്റെ നീക്കം.