സൗദി തലസ്ഥാനമായ റിയാദിൽ ഇന്ന് ചർച്ചകൾ നടത്താനൊരുങ്ങി യു എസ് പ്രതിനിധികൾ. യുക്രൈനൊപ്പവും റഷ്യയുമായും പ്രത്യേകം ചർച്ചകൾ ഉണ്ടാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. യുക്രൈനിലെ യുദ്ധത്തിന് ഉടനടി ഭാഗിക വെടിനിർത്തൽ കൊണ്ടുവരികയും തുടർന്ന് സമഗ്രമായ സമാധാന കരാർ കൊണ്ടുവരികയുമാണ് യു എസിന്റെ ലക്ഷ്യം. റിയാദിൽ നടക്കുന്ന ഈ ചർച്ചകളിൽ വഴിത്തിരിവുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
പുടിൻ സമാധാനം ആഗ്രഹിക്കുന്നതായി തോന്നുന്നുണ്ടെന്ന് ട്രംപിന്റെ സ്വകാര്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. ഇന്ന് സൗദി അറേബ്യയിൽ യഥാർഥ പുരോഗതി കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി റഷ്യൻ ഡ്രോണുകളിൽ നിന്നുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് കീവ് നേരിട്ടത്. ആക്രമണത്തിൽ അഞ്ചുവയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണങ്ങൾ നിർത്താൻ യഥാർഥ ഉത്തരവ് നൽകാൻ പുടിനെ സമ്മർദത്തിലാക്കേണ്ടതുണ്ടെന്നാണ് സെലൻസ്കി പറയുന്നത്. ഈ യുദ്ധത്തിനു ആരംഭം കുറിച്ച ആൾതന്നെ അത് എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു.
റിയാദിൽ ഞായറാഴ്ച രാത്രി തന്നെ യു എസ് – യുക്രൈൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ആഡംബര സ്ഥാപനങ്ങളിലൊന്നിൽ രാജ്യത്തിന്റെ പ്രതിരോധമന്ത്രി റസ്റ്റം ഉമെറോവിന്റെ നേതൃത്വത്തിലുള്ള യുക്രേനിയൻ പ്രതിനിധിസംഘവുമായിട്ടാണ് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. ഊർജസൗകര്യങ്ങളും നിർണ്ണായക അടിസ്ഥാനസൗകര്യങ്ങളും എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാം എന്നതിനെ കേന്ദ്രീകരിച്ചുള്ള സാങ്കേതിക ചർച്ചകളാണ് നടക്കുന്നത്.