Monday, March 31, 2025

യു എസ് വൈസ് പ്രസിഡന്റ് ​ഗ്രീൻലാൻഡിലേക്ക്; അതൃപ്തിയോടെ സ്വീകരിക്കാൻ തയ്യാറെടുത്ത് ​ഗ്രീൻലാൻഡ്

വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, ഭാര്യ ഉഷ, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ്, ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്, യൂട്ടായിലെ റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീ എന്നിവരടങ്ങുന്ന യു എസ് സംഘം ​സന്ദർശനത്തിനായി ഗ്രീൻലാൻഡിലേക്ക്. യു എസ് സെക്കൻഡ് ലേഡി ഉഷ വാൻസ്‌ ഒരു സ്വകാര്യ പര്യടനമായി ആദ്യം പ്രഖ്യാപിച്ച് ആരംഭിച്ച യാത്ര പുതിയ വഴിത്തിരിവിലേക്കു മാറുകയായിരുന്നു. വെള്ളിയാഴ്ച, യു എസ് ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘം ഗ്രീൻലാൻഡിലെ സൈനികതാവളത്തിൽ ചെലവഴിക്കും.

ഉഷ വാൻസ് മകനോടൊപ്പമാണ് ഗ്രീൻലാൻഡിലേക്കു പോകാൻ ഉദ്ദേശിച്ചിരുന്നത്. സാംസ്കാരിക പരിപാടികളിലും തലസ്ഥാനമായ ന്യൂക് സന്ദർശിക്കാനും നായ്ക്കളുടെ സ്ലെഡിംഗ് മത്സരം പോലുള്ളവയിൽ പങ്കെടുക്കാനും മാത്രമായിരുന്നു ഉദ്ദേശ്യം. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ വാൾട്ട്‌സും ദ്വീപ് സന്ദർശിക്കുന്ന പ്രതിനിധിസംഘത്തോടൊപ്പം ചേരുമെന്നു പ്രഖ്യാപിച്ചു. എന്നിരുന്നാലും ധാതുസമ്പന്നമായ ഗ്രീൻലാൻഡ് യു എസ് ഏറ്റെടുക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളുടെ വെളിച്ചത്തിൽ, ആസൂത്രിതമായ ഈ സന്ദർശനം അമ്പരപ്പിക്കുകയായിരുന്നു.

ഗ്രീൻലാൻഡിലെയും ഡെൻമാർക്കിലെയും ജനങ്ങൾ ഈ സന്ദർശനത്തിൽ അസ്വസ്ഥരാണെന്ന് റിപ്പോർട്ടുണ്ട്. ഈ അമേരിക്കൻ സന്ദർശനം ഒരു സാംസ്കാരിക ഇടപെടലായി കണക്കാവുന്നതുമാണ്. ഗ്രീൻലാൻഡിലെ ആക്ടിംഗ് പ്രധാനമന്ത്രി മ്യൂട്ടെ ബി എഗെഡെ, ഇത് പ്രകോപനവും അധികാരപ്രകടനവുമാണെന്നു പറയുകയും അന്താരാഷ്ട്ര സമൂഹത്തോട് മുന്നോട്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, ഗ്രീൻലാൻഡ് സർക്കാർ ഔദ്യോഗികമായ ഏതെങ്കിലും സന്ദർശനങ്ങൾക്ക് യു എസിന് ക്ഷണങ്ങൾ നൽകിയിട്ടില്ല എന്നും എഗെഡെ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News