ഗ്രീൻലാൻഡിനെ സുരക്ഷിതമാക്കാൻ ഡെൻമാർക്ക് ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. അർധ സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശം സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആകുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏറ്റെടുക്കുന്നതിലൂടെ ഗ്രീൻലാൻഡ് സുരക്ഷിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
കരയിലെ സൈനികസാന്നിധ്യം വികസിപ്പിക്കുന്നതിന് യു എസിന് ഉടനടി പദ്ധതികളൊന്നുമില്ല. പക്ഷേ, കൂടുതൽ നാവിക കപ്പലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കുമെന്ന് വാൻസ് പറയുകയുണ്ടായി. അതേസമയം, ഗ്രീൻലാൻഡിന്റെ പരമാധികാരത്തെ ബഹുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു എസുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിന്റെ ഗുണം പ്രദേശത്തിനു ലഭിക്കുമെന്നു പറഞ്ഞപ്പോൾ, ഇതിനെ അനീതിയാണെന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. 1721 മുതലാണ് ഡെൻമാർക്കിന്റെ നിയന്ത്രണത്തിലേക്ക് ദ്വീപ് വരുന്നത്. ഈ ദ്വീപ് ഏറ്റെടുക്കുന്ന കാര്യം പലപ്പോഴും ട്രംപ് പറഞ്ഞിട്ടുണ്ട്.
ദീർഘകാല യു എസ് സഖ്യകക്ഷിയും നാറ്റോ അംഗവുമായ ഡെൻമാർക്കിനെതിരെ ആയിരുന്നു വാൻസിന്റെ മൂർച്ചയേറിയ വാക്കുകൾ കൊണ്ടുള്ള ആക്രമണം.
കഴിഞ്ഞ മാസം നടത്തിയ വിദേശയാത്രയിൽ യൂറോപ്യൻ ഉദ്യോഗസ്ഥരോട് അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും ഭൂഖണ്ഡത്തിലെ നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. പിന്നീട് വൈറ്റ് ഹൗസിൽ നടന്ന വിവാദപരമായ യോഗത്തിൽ, ട്രംപിനോട് വേണ്ടത്ര നന്ദി കാണിച്ചില്ലെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ അദ്ദേഹം കുറ്റപ്പെടുത്തുകയുമുണ്ടായി.