യു.എസ് സൈന്യത്തിന്റ ആയുധങ്ങൾ പാക്ക് താലിബാന്റെ കൈയിലുള്ളതായി റിപ്പോർട്ട്. പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവർ ഉൽ ഹഖ് കക്കറാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാൻ സൈന്യത്തിനെതിരെ പാക്ക് താലിബാൻ ആക്രമണം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് കക്കറിന്റെ പ്രതികരണം.
“2021 -ൽ യു.എസ് സൈന്യം അപ്രതീക്ഷിതമായി അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയപ്പോൾ പല ആയുധങ്ങളും ഉപകരണങ്ങളും ഉപേക്ഷിച്ചാണ് അവർ പോയത്. ഈ ആയുധങ്ങൾ താലിബാൻ പിടിച്ചെടുക്കുകയും പിന്നീട് പാക്ക് താലിബാന്റെ (തെഹ്രിക് ഇ താലിബാൻ/ ടി.ടി.പി) കൈവശമെത്തുകയും ചെയ്തു” – കക്കർ പറഞ്ഞു. നൈറ്റ് വിഷൻ കണ്ണാടികൾ മുതൽ വെടിക്കോപ്പുകൾ വരെ അവരുടെ കൈവശമുണ്ടെന്നും ഇത് പാക്ക് സൈന്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എസ് സൈന്യം ഉപേക്ഷിച്ചതുകൂടാതെ, അഫ്ഗാൻ സൈന്യത്തിന്റെ ആയുധങ്ങളും പാക്ക് താലിബാൻ ഉപയോഗിക്കുന്ന നിലയുണ്ട്. ഇതെല്ലാം താലിബന്റെ കൈവശമുള്ളത് പാക്ക് സർക്കാരിനെ ആധിയേറ്റുകയാണ്.