ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ട്രംപിന്റെ പ്രസ്താവനയെ തുറന്നെതിർത്ത് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ. വിശാലമായ ആർട്ടിക് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്കു മറുപടിയായി ഫേസ്ബുക്കിലൂടെയാണ് പ്രധാനമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചത്.
“ഗ്രീൻലാൻഡിനെ അമേരിക്ക സ്വന്തമാക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. ഞാൻ വ്യക്തമായി പറയാം, അമേരിക്കയ്ക്ക് അത് ലഭിക്കില്ല. നമ്മൾ മറ്റാരുടെയും സ്വന്തമല്ല. നമ്മുടെ ഭാവി നമ്മൾ തന്നെയാണ് തീരുമാനിക്കുന്നത്” – അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. പക്ഷേ, അർധ സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശം പിടിച്ചെടുക്കുന്നതിനെക്കുറിച്ചു താൻ സംസാരിച്ചതായും നൂറു ശതമാനവും നമുക്ക് ഗ്രീൻലാൻഡ് ലഭിക്കുമെന്ന് ട്രംപ് പറഞ്ഞതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഗ്രീൻലാൻഡിനു വടക്കുള്ള ഒരു യു എസ് സൈനികതാവളത്തിൽ സന്ദർശനം നടത്തിയപ്പോൾ യു എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഡെൻമാർക്കിനെതിരെ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ദ്വീപ് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഡെൻമാർക്ക് ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു വാൻസ് കുറ്റപ്പെടുത്തിയത്. മാത്രമല്ല, ദ്വീപ് സംരക്ഷിക്കുന്നതിൽ അമേരിക്ക മികച്ചതായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.