യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ സെവലപ്മെന്റിലെ (യു എസ് എ ഐ ഡി) തങ്ങളുടെ ജീവനക്കാരോട് രഹസ്യരേഖകളും പേഴ്സണൽ ഫയലുകളും നശിപ്പിച്ചുകളയാൻ നിർദേശിച്ചതായി റിപ്പോർട്ട്. ഏജൻസിയിൽ നിലവിലുള്ള തുടർച്ചയായ പിരിച്ചുവിടൽസമയത്ത് ജീവനക്കാരിലും തൊഴിലാളിസംഘടനകളിലും ഈ ആവശ്യം ആശങ്ക ഉളവാക്കുന്നുണ്ട്.
വാഷിംഗ്ടൺ ഡി സി യിലെ ഒരു ഓഫീസിൽനിന്ന് ഇത്തരത്തിൽ പേഴ്സണൽ രേഖകളും മറ്റും നീക്കം ചെയ്തതിന് ജീവനക്കാർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. ആദ്യം കഴിയുന്നത്ര രേഖകൾ കീറിമുറിക്കാനും ഉപയോഗശൂന്യമായ പേപ്പറുകൾ മാറ്റിവയ്ക്കാനും അവർക്കു ലഭിച്ച മെയിലിൽ പറയുന്നു.
സാധാരണയായി, ബേൺബാഗുകളിൽ സംസ്കരിക്കുന്നതിനായി സൂക്ഷിക്കുന്ന രേഖകൾ സീൽ ചെയ്ത് ദഹിപ്പിക്കുന്നതിനായി സുരക്ഷിതമായ ഒരു സ്ഥലത്തേക്കു കൊണ്ടുപോകാറുണ്ട്. എന്നാൽ ഇനിമുതൽ ബേൺബാഗുകൾ അമിതമായി നിറയ്ക്കരുതെന്നും സാധാരണ മാർക്ക് ചെയ്യുന്നതുപോലെ മാർക്ക് ചെയ്യരുതെന്നുമാണ് ജീവനക്കാർക്കു ലഭിച്ചിരിക്കുന്ന നിർദേശം. അതേസമയം ജീവനക്കാരോട് നശിപ്പിച്ചുകളയാൻ പറഞ്ഞിരിക്കുന്ന രേഖകളുടെ പകർപ്പ് ഏജൻസി സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.